"കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിനു തുടക്കം
1485873
Tuesday, December 10, 2024 6:51 AM IST
കോട്ടയം: സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് താഴെത്തട്ടിലെത്തി പ്രായോഗിക പരിഹാരം കണ്ടെത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ.
താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2023ൽ നടത്തിയ താലൂക്ക്തല അദാലത്തിലൂടെ ജില്ലയിൽ മൂവായിരത്തിലധികം പരാതികൾ പരിഹരിച്ചുവെന്നും നവകേരള സദസിൽ ലഭിച്ച പരാതികളിൽ 90 ശതമാനത്തിലധികം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ബീന പി. ആനന്ദ്, പാലാ ആർഡിഒ കെ.പി. ദീപ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വൈക്കം താലൂക്കിലെ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. മീനച്ചിൽ താലൂക്കിലെ അദാലത്ത് 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും ചങ്ങനാശേരി താലൂക്കിലേത് 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും. 12ന് നടക്കേണ്ട കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്ത് മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.