ഉത്സാഹിച്ചാൽ ഉടനെ തുറക്കാം; എയ്ഞ്ചൽവാലിയിൽ ടേക്ക് എ ബ്രേക്ക്
1486099
Wednesday, December 11, 2024 5:37 AM IST
കണമല: നടപടികൾ മെല്ലെപ്പോകാതിരുന്നാൽ എയ്ഞ്ചൽവാലിയിൽ ഈ ശബരിമല സീസണിൽ അയ്യപ്പഭക്തർക്കും നാട്ടുകാർക്കും പുതിയ ഒരു പൊതു ശൗചാലയം തുറന്നു കൊടുക്കാൻ സാധിക്കും. 35 ലക്ഷം ചെലവിട്ട് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഇനി വൈദ്യുതീകരണം മാത്രം മതി. നാളിതുവരെ പൊതു ശുചിമുറികൾ ഇല്ലാതിരുന്ന എയ്ഞ്ചൽവാലിയിൽ പമ്പാ നദീതീരത്ത് ഓരോ ശബരിമല സീസണിലും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് കുളിക്കാൻ എത്തുന്നത്.
എന്നാൽ, പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാത്തത് ദുരിതമായിരുന്നു. സ്ത്രീകൾ ഉൾപ്പടെ അയ്യപ്പ ഭക്തർ പലരും നാട്ടുകാരുടെ വീടുകളെയാണ് ആശ്രയിക്കേണ്ടി വന്നിരുന്നത്. ഇതിന് പരിഹാരമായി വാർഡ് അംഗം മാത്യു ജോസഫ് ഇടപെട്ടാണ് വഴിയിടം വിശ്രമ കേന്ദ്രമായി ടേക്ക് എ ബ്രേക്ക് സമുച്ചയം നിർമിക്കാൻ പദ്ധതിയായത്. നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ഇനി ഇലക്ട്രിക്കൽ ജോലികൾ കൂടി നടത്തിയാൽ പ്രവർത്തനം ആരംഭിക്കാനാകും. ഇതിനായി പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
35 ലക്ഷം ചെലവിട്ട് വിശ്രമമുറികളും നാല് ശുചി മുറികളും ലഘു ഭക്ഷണ ശാലയും ഉൾപ്പടെയാണ് കെട്ടിടത്തിന്റെ നിർമാണം തീർന്നിരിക്കുന്നത്. കുഴൽ കിണർ, റൂഫിംഗ് നിർമാണം എന്നിവയ്ക്ക് എട്ട് ലക്ഷം രൂപയുടെ പദ്ധതി ഇതിന്റെ തുടർ പദ്ധതിയായി തയാറാക്കിയിട്ടുണ്ട്. കുഴൽ കിണർ ആകുന്നത് വരെ പമ്പാ നദിയിൽ നിന്നു വെള്ളം പമ്പ് ചെയ്തെടുക്കാനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.