ഹൈടെക് സ്വപ്നം കണ്ടു; സ്കൂൾ വനമായി...
1461545
Wednesday, October 16, 2024 6:30 AM IST
കറുകച്ചാല്‍: ഹൈടെക് നിലവാരത്തില്‍ നിര്‍മാണത്തിനായി പൊളിച്ചിട്ട സര്‍ക്കാര്‍ സ്കൂള്‍ തകര്‍ച്ചയുടെ വക്കില്‍. തിരിഞ്ഞു നോക്കാതെ അധികൃതര്‍. ചമ്പക്കര ഗവണ്മെന്റ് എല്‍പി സ്കൂളാണ് അധികൃതരുടെ അനാസ്ഥ മൂലം കാടു കയറി നശിക്കുന്നത്.
ഒന്നരവര്‍ഷം മുന്‍പാണ് സ്കൂള്‍ പൊളിച്ചു പണിയാനുള്ള തീരുമാനം സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് സ്കൂള്‍ അധികൃതരെ അറിയിക്കുന്നത്. കേരളത്തിലെ സ്കൂളുകളെല്ലാം ഹൈടെക്കായി മാറുന്ന കാലത്തായിരുന്നു പ്രഖ്യാപനമെങ്കിലും ചമ്പക്കര സ്കൂളിന്റെ തുടര്‍ നടപടികള്‍ പേപ്പറില്‍ മാത്രം ഒതുങ്ങി. രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പുനര്‍നിര്‍മാണ തീരുമാനപ്രകാരം മുകളിലത്തെ ബില്‍ഡിംഗ് പൂര്‍ണമായും പൊളിച്ചുനീക്കി. ഉടന്‍ തന്നെ നിര്മാണമാരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കുട്ടികളെ സമീപത്തെ സുഭാഷ് മെമ്മോറിയല്‍ യുപി സ്കൂളിലേക്ക് മാറ്റി.
രണ്ടു സ്കൂളുകളും നിലവില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ മാറ്റിയതോടെ അധികൃതരുടെ ഇങ്ങോട്ടുള്ള ശ്രദ്ധയ്ക്കും കുറവുണ്ടായി.
എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്നും പണം വകയിരുത്തി കെട്ടിടം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ എംഎല്‍എയുടെ ശ്രദ്ധ വിഷയത്തില്‍ ഉണ്ടായില്ലെന്നും പരാതിയുണ്ട്. സ്കൂളില്‍നിന്നു പൊളിച്ചു മാറ്റിയ കെട്ടിടം ഇടക്കാലത്ത് പുനര്‍നിര്‍മിച്ചതായിരുന്നു. പുനര്നിര്മിക്കത്തക്ക ബലക്ഷയമില്ലായിരുന്നെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, സ്കൂള്‍ ഹൈടെക്കായി മാറ്റാനുള്ള തീരുമാനമാണ് ഇത്തരമാരു അവസ്ഥയിലേക്കു സ്കൂളിനെ എത്തിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.
സ്കൂള്‍ പരിസരം ഇപ്പോള്‍ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വാസകേന്ദ്രമാണ്. രാത്രിയാകുന്നതോടെ വഴിയിലേക്കിറങ്ങുന്ന ഇവ ഇരുചക്ര വാഹന യാത്രികര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു. ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളാനും സ്കൂള്‍ പരിസരം ഉപയോഗിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള സര്‍ക്കാര്‍ സ്കൂളാണ് വികസനത്തിന്റെ പേരില്‍ കാടുകയറി നശിക്കുന്നത്.
ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍നിന്നു ലഭ്യമാകുന്ന വിവരം. പുതിയ കെട്ടിടമെന്ന വാഗ്ദാനം ഇനിയും സാധ്യമായിലെങ്കില് നിലവിലുള്ള കെട്ടിടവും നിലംപൊത്തും. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തിന്മേല് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.