ദുക്റാന തിരുനാള്‍: അവധി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
1461544
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: 2025ലെ പൊതുഅവധി ദിനങ്ങളില്‍നിന്ന് ജൂലൈ മൂന്ന് ദുക്റാന തിരുനാള്‍ ദിനത്തെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി. ആലപ്പുഴ പുറക്കാട് മാര്‍ സ്ലീവാ പള്ളിയില്‍ നടന്ന എവൈക്ക്-24 സമ്മേളനമാണ് ഇക്കാര്യം പ്രമേയത്തിലൂടെ ഉന്നയിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും സംഘടന അറിയിച്ചു.
പുറക്കാട് യൂണിറ്റ് പ്രസിഡന്റ് ഷാജിമോന്‍ ആന്റണി കണ്ടത്തില്‍പ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഫൊറോന ഡയറക്ടര്‍ ഫാ. ജോയല്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അനുഗ്രഹപ്രഭാഷണവും അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും നടത്തി.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, അതിരൂപത ട്രഷറര്‍ ജോസ് ജോണ്‍, വൈസ് പ്രസിഡന്റ് റോസ്ലിന് കെ. കുരുവിള , ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ജെസി ആന്റണി, സിസി അമ്പാട്ട് , ഷാജി പോള്‍, ജോഷി വാണിയപ്പുരയ്ക്കല്‍, ജോണി ആന്റണി വാണിയപ്പുരയ്ക്കല്‍, ബീന ഏബ്രഹാം പത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.