കുതിച്ചുചാട്ടത്തിനൊരുങ്ങി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂള്‍
1461542
Wednesday, October 16, 2024 6:30 AM IST
ആധുനിക സിന്തറ്റിക് ലോംഗ്ജംപ് ട്രാക്ക് ഒരുങ്ങി
കുറുമ്പനാടം: അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോംഗ്ജംപ് ട്രാക്കും പിറ്റും ഒരുക്കി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. ആറു ലക്ഷം രൂപ ചെലവില്‍ നിർമിച്ച ഈ സിന്തറ്റിക് ട്രാക്ക് ജില്ലയിലെ സ്കൂളുകളില്‍ ആദ്യത്തേതാണ്.
എല്ലാ വര്‍ഷവും ജില്ലയിലെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് രംഗത്ത് ഓവറോള്‍ ചാമ്പ്യന്മാരാകുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള സമ്മാനമാണിതെന്ന് സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു എന്നിവര്‍ പറഞ്ഞു.
48 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമാണ് സിന്തറ്റിക് ട്രാക്കിനുള്ളത്. സ്കൂളിലെ കായിക പരിശീലനത്തിനായി കുറുമ്പനാടം മുരിയന്‍ കാവുങ്കല്‍ കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരനിക്ഷേപം നടത്തിയ 25 ലക്ഷം രൂപയുടെ പലിശയില്‍നിന്നുള്ള ഒരു ഭാഗവും സ്കൂളിന്റെ തനതു ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുന്‍ ഹെഡ്മാസ്റ്റര് ഷൈരാജ് വര്‍ഗീസ്, മുന്‍ കായികാധ്യാപകന് രാജീവ് തൂമ്പുങ്കല്‍ എന്നിവരുടെ തീവ്രമായ ആഗ്രഹത്തിന്റെ ഫലമായി അന്താരാഷ്ട്ര സ്പോര്‍ട്സ് സൈറ്റ് നിര്‍മാതാക്കളായ ചുങ്കപ്പാറ മരിയന്‍ സ്പോര്‍ട്സ് ഹബ് ഉടമ ഇമ്മാനുവല്‍ തോമസാണ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്കൂളിലെ ഇപ്പോഴത്തെ കായികാധ്യാപകന് സെബിന് മാത്യുവിന്റെ ശിക്ഷണത്തില്‍ ജില്ലാ, സംസ്ഥാന മത്സരങ്ങള്‍ക്കുള്ള തീവ്രപരിശീലനം നടന്നുകൊണ്ടിരിക്കുന്നു. ജംപിംഗ് ഇനങ്ങള്‍ക്ക് മാത്രമായി മറ്റു സ്കൂളുകളെ പങ്കെടുപ്പിച്ച് ഒരു ഇന്റര്‍ സ്കൂള്‍ മത്സരം ഉടന്‍തന്നെ ആരംഭിക്കുമെന്നു സ്കൂള്‍ അധികൃതര്‍ അറിയിച്ചു.