ചങ്ങനാശേരി-കോയമ്പത്തൂർ കെഎസ്ആര്‍ടിസി ബസ് വേണമെന്ന്
1461541
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നും കോയമ്പത്തൂരിന് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യം ഉയരുന്നു. കോട്ടയം, പാലക്കാട്, വാളയാര്‍ വഴി കോയമ്പത്തൂരിന് സൂപ്പര്‍ഫാസ്റ്റ് ആരംഭിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ജോബ് മൈക്കിള്‍ എംഎല്‍എ, മന്ത്രി കെ.ബി. ഗണേഷ്കുമാറിന് കത്തു നല്‍കിയിട്ടുണ്ട്.
ഈ ബസ് റൂട്ട് ലാഭകരവും യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നും കാണിച്ച് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സര്‍വീസിനായി ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റുള്ള രണ്ട് ബസുകളും അഞ്ച് കണ്ടക്ടര്‍മാരേയും അഞ്ച് ഡ്രൈവര്‍മാരേയും അനുവദിക്കണമെന്നും ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ രാത്രി 7.15ന് ചങ്ങനാശേരിയില്‍നിന്നു കോട്ടയം, കുമളി, കമ്പം, തേനി, ഡിന്‍ഡിഗല്‍ വഴി പളനിയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ കോട്ടയം, തൃശൂര്‍, പൊള്ളാച്ചി വഴി പളനിയിലേക്കു സര്‍വീസ് നടത്തണമെന്നു കാണിച്ച് ഡിപ്പോ അധികാരികള്‍ ചീഫ് ഓഫീസിലേക്ക് കത്ത് അയച്ചിട്ടുണ്ട്. 640 കിലോമീറ്റര്‍ ദൂരത്തിന് ആനുപാതികമായ കളക്ഷന്‍ ഈ സര്‍വീസിനു ലഭിക്കുന്നില്ലെന്നാണ് കണക്ക്.
ചങ്ങനാശേരി ഡിപ്പോയില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും എണ്ണത്തിലെ കുറവ് ഷെഡ്യൂളുകളെ ബാധിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച അമ്പത് ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയതിലൂടെ ചങ്ങനാശേരി ഡിപ്പോയ്ക്ക് റിക്കാര്‍ഡ് കളക്ഷന്‍ ലഭിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 8,89,662 രൂപ കളക്ഷനാണ് ലഭിച്ചത്.