കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ കേന്ദ്രം രണ്ടാംഘട്ടം ഉദ്ഘാടനം ഇന്ന്
1461519
Wednesday, October 16, 2024 6:19 AM IST
കോട്ടയം: കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ റഫറല്കേന്ദ്രത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് സെന്റര്‍ കാമ്പസില്‍ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടുകൂടി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിലൂടെ കേന്ദ്ര-സംസ്ഥാന സംയോജിതപദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് മേഖലാ കന്നുകാലി വന്ധ്യതാ നിവാരണ (റഫറല്‍) കേന്ദ്രം. ജില്ലയിലെ തലയോലപ്പറമ്പിലെയും വിവിധ വെറ്ററിനറി സെന്ററുകളുടെ കീഴിലുള്ള കര്‍ഷകര്‍ക്കാണ് പദ്ധതി ലഭ്യമാകുന്നത്. ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉത്പാദിപ്പിക്കുന്നതിനു വേണ്ടി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനസമ്മേളനത്തില്‍ കേരളത്തിലെ കന്നുകാലി പ്രജനന നയത്തിന് സമഗ്ര സംഭാവന നല്കിയ ജനിതക ശാസ്ത്രജ്ഞനും കെഎല്‍ഡി ബോര്‍ഡ് മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. സി.ടി. ചാക്കോയെ ആദരിക്കും. കെഎല്‍ഡിബി ചെയര്‍മാനും സെക്രട്ടറിയുമായ പ്രണബ് ജ്യോതി നാഥ്,
കെഎല്‍ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്. രാജീവ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്. ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, പഞ്ചായത്തംഗങ്ങളായ എം.ടി. ജയമ്മ, കെ.പി. ഷാനോ, ഷിജി വിന്‍സെന്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ആര്. സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.