കൊടുതുരുത്ത് -നാണുപറമ്പ് തോട് ആഴംകൂട്ടൽ തുടങ്ങി
1461517
Wednesday, October 16, 2024 6:19 AM IST
വെച്ചൂര്‍: വര്‍ഷങ്ങളായി പുല്ലും പോളയും വളര്‍ന്ന് നീരൊഴുക്ക് തടസപ്പെട്ട വെച്ചൂര്‍ പഞ്ചായത്തിലെ കൊടുതുരുത്ത്- നാണൂപറമ്പ് തോടിന്റെ ആഴംകൂട്ടൽ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെവി കനാലിനെയും വേമ്പനാട്ടുകായലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോട് 23 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് ഘട്ടങ്ങളായാണ് വെച്ചൂര്‍ പഞ്ചായത്ത് നവീകരിക്കുന്നത്.
കൊടുതുരുത്ത് മുതല്‍ മറ്റം പാലം വരെയുള്ള 400 മീറ്റര്‍ ഭാഗത്താണ് ആദ്യം ആഴംകൂട്ടുന്നത്. ഇതിനായി നാല് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മറ്റം പാലത്തിന്റെ പടിഞ്ഞാറെ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 19 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ആഴം കൂട്ടി നീരൊഴുക്കു ശക്തമാകുന്നതോടെ 2500 ഏക്കർ നെൽകൃഷിക്ക് ശുദ്ധജലം ലഭ്യമാക്കാനാകും.
അഞ്ച് കിലോമീറ്ററോളം കൃഷിചെയ്യുന്ന പാടശേഖരങ്ങളുമായി ബന്ധപ്പെട്ടാണ് തോട് കടന്നുപോകുന്നത്. തോട്ടില്‍ ചെളിയും പോളയും പുല്ലും വളർന്ന് തിങ്ങി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. തോടിന്റെ ആഴം കൂട്ടുന്നതോടെ പൂവത്തിക്കരി, അരങ്ങത്തകരി, പട്ടടക്കരി, അയ്യനാടന്പുത്തന് കരി, കോലാംപുറത്ത്കരി, ഞാറയ്ക്കാത്തടം, കോയിത്തുരുത്ത് തുടങ്ങി 2500 ഏക്കറോളം വരുന്ന നെൽകൃഷിക്ക് വെള്ളം എത്തിക്കാനും സാധിക്കും.തോട് ആഴം കൂട്ടൽ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു.