ഡ്രോണില്‍ കൃഷിയിറക്കി കുടുംബശ്രീ
1461512
Wednesday, October 16, 2024 6:10 AM IST
കോട്ടയം: കുടുംബശ്രീ മിഷന്റെ കാര്‍ഷിക ഉപജീവന പദ്ധതിയായ ഫാം ലൈവ്ലിഹുഡിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്തു.
ശില്പശാലയില് ഡ്രോണിന്റെ പ്രവര്‍ത്തന രീതികളും അറ്റകുറ്റപ്പണികള്‍, കേടുപാടുകള്‍ പരിഹരിക്കല്‍ എന്നിവ സംബന്ധിച്ച പരിശീലനവും ഫീല്‍ഡ്തല പ്രവര്‍ത്തനപ്രദര്‍ശനവും സംഘടിപ്പിപ്പിച്ചു. സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ്, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ ഡോ. കെ.ആര്. ബൈജു, ഡോ. എബിന് വര്‍ഗീസ്, കുടുംബശ്രീ അസി. കോ-ഓർഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍മാരായ രമ്യ രാജപ്പന്, ഹണിമോള്‍ രാജു, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്, അതിരമ്പുഴ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷെബീന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നമോ ദീദി ഡ്രോണ്‍ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത 49 കുടുംബശ്രീ കര്‍ഷകര്‍ക്ക് ഡ്രോണ്‍ പറത്തുന്നതില്‍ പരിശീലനവും ലൈസന്‍സും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 400 അടി ഉയരത്തില്‍ വരെ പറത്താന്‍ കഴിയുന്ന 10 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡ്രോണും നല്കി.
ഇവര്‍ക്കു തിരുവന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ നാലുദിവസത്തെ പരിശീലനവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡ്രോണ്‍ ഉപയോഗത്തിലെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും ചെറിയ കേടുപാടുകള്‍ പരിഹരിച്ച് ആയാസകരമായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും ശില്പശാല സംഘടിപ്പിച്ചത്.