കോട്ടയം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസവീടുകൾ: ശിലാസ്ഥാപനം നാളെ
1461510
Wednesday, October 16, 2024 6:10 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ആശ്വാസ് വാടകവീടുകള്‍ വരുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വൈകുന്നേരം അഞ്ചിനു മന്ത്രി കെ. രാജന് നിര്‍വഹിക്കും.
മെഡിക്കല്‍ കോളജ് നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്നത്.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയും ഹൗസിംഗ് കമ്മീഷണറുമായ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് ടി.വി. ബാലന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല,
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, വൈസ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി,
ആശുപത്രി വികസനസമിതി പ്രസിഡന്റ് സി.ജെ. ജോസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ഗവണ്മെന്റ് ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന് വടക്കേപുരയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.