കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്
1461509
Wednesday, October 16, 2024 6:10 AM IST
കുമരകം: പള്ളിച്ചിറ ജംഗ്ഷനിൽ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ജെയ് ഭാരത് ഗ്യാസ് ഏജൻസിക്ക് എതിർവശത്തായി ഇന്നലെ രാവിലെ 6.15ന് നടന്ന അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി കറുപ്പു സ്വാമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നെടുമ്പാശേരിയിൽനിന്നു തിരുവനന്തപുരം ലുലു മാളിലേക്ക് പോയ മാരുതി കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്നും വന്ന ബൈക്കിലാണ് കാറിടിച്ചത്.
വരുന്നവഴി യാത്രക്കാരനെ തട്ടി തെറിപ്പിച്ചശേഷമാണ് കാർ ബൈക്കിലിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുമരകം പോലീസ് എത്തിയാണ് പരിക്കേറ്റു കിടന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്.