മെഡിക്കല്‍ കോളജ് അടിപ്പാത നാളെ തുറക്കും
1461508
Wednesday, October 16, 2024 6:10 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിര്‍മിച്ച അടിപ്പാത നാളെ തുറന്നുകൊടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പദ്ധതി രാവിലെ 10നു മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
ബജറ്റില്‍ 129.80 ലക്ഷം രൂപ അടിപ്പാത നിര്‍മാണത്തിനായി വകയിരുത്തി. ആറുമാസം കൊണ്ടാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഞ്ചുവര്‍ഷമാണ് പരിപാലന കാലാവധി. അടിപ്പാതയ്ക്കു 18 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും 3.5 മീറ്റര്‍ ഉയരവുമുണ്ട്. പടികളോട് കൂടിയ ആഗമന ബഹിര്‍ഗമന പാതകളും ക്രമീകരിച്ചിരിക്കുന്നു. ആര്‍പ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന നടപ്പാതയില്കൂടി ആഗമന കവാടം വഴി ഭൂഗര്‍ഭ പാതയില്‍ പ്രവേശിച്ച് മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് എത്താം.
ഉദ്ഘാടനചടങ്ങില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്,
ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. ജോസ് രാജന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.