മാർ തോമസ് തറയിലിന് സ്വീകരണം നൽകി
1461507
Wednesday, October 16, 2024 6:10 AM IST
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഔദ്യോഗിക സ്വീകരണം നൽകി.
വലിയപള്ളിക്കു സമീപം പ്രത്യേകം തയാറാക്കിയ കവാടത്തിങ്കലെത്തിയ മാർ തോമസ് തറയിലിനെ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവർ ചേർന്നു സ്വീകരിച്ചു പള്ളിയിലേക്ക് ആനയിച്ചു. മോണ്ടളത്തിൽ വച്ച് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കാനോനിക സ്വീകരണം നൽകി.
തുടർന്ന് മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. അലക്സ് വടശേരിൽ സിആർഎം, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.