പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
1461506
Wednesday, October 16, 2024 6:10 AM IST
മണർകാട്: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണർകാട് മാമുണ്ടയിൽ പ്രിൻസ് മാത്യു (26), ഐരാറ്റുനട പാലക്കശേരിയിൽ പി.എസ്. ഷാലു (24) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ രണ്ടുപേരും കഴിഞ്ഞദിവസം രാത്രി മണർകാട് ബസ്സ്റ്റാൻഡ് ഭാഗത്ത് ഓട്ടോറിക്ഷയിലെത്തി ബഹളം വയ്ക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ഇവരെ അനുനയിപ്പിച്ചു സ്ഥലത്തുനിന്നു പറഞ്ഞുവിടുന്നതിനിടെ ഇരുവരും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
പോലീസ് വാഹനത്തിനു കേടുവരുത്തുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.