മലയോര പട്ടയ വിതരണം: സ്പെഷൽ തഹസിൽദാർ ഓഫീസ് ഉദ്ഘാടനം നാളെ
1461476
Wednesday, October 16, 2024 5:46 AM IST
മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലയിലെ പട്ടയവിതരണത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് അനുവദിച്ച സ്പെഷൽ തഹസിൽദാർ ഓഫീസിന്റെ ഉദ്ഘാടനവും ജില്ലാതല പട്ടയമേളയും നാളെ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും.
പുത്തൻചന്തയിലുള്ള റവന്യു കോംപ്ലക്സിൽ ഓഫീസ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തശേഷം സിഎസ്ഐ പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, സി.എം. ജാൻസി, ജിജിമോൾ സജി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന പുഞ്ചവയൽ, മുരിക്കുംവയൽ, പുലിക്കുന്ന്, കപ്പിലാമൂട്, കുളമാംകുഴി, പാക്കാനം, ഇഞ്ചക്കുഴി, കാരിശേരി, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര, കുഴിമാവ്, കോസടി എന്നീ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ആളുകൾക്ക് ഇതോടെ അവരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭ്യമാകുന്ന നടപടികൾക്കു തുടക്കം കുറിക്കപ്പെടുകയാണ്. ഇതോടൊപ്പം ജില്ലാതല പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ തയാറാക്കിയിട്ടുള്ള 300ഓളം പട്ടയങ്ങളും അവകാശികൾക്ക് ചടങ്ങിൽ കൈമാറുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.