പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോ നവീകരണം വാഗ്ദാനത്തിൽ മാത്രം
1461471
Wednesday, October 16, 2024 5:46 AM IST
പൊൻകുന്നം: പൊൻകുന്നത്തിന്റെ മുഖച്ഛായ മാറ്റിയേക്കാമായിരുന്ന കെഎസ്ആർടിസി ഡിപ്പോ നവീകരണം വാഗ്ദാനത്തിൽ മാത്രം ഒതുങ്ങുന്നു.
ഡിപ്പോയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് നാലുവർഷം മുമ്പ് ആലോചനായോഗം നടന്നിരുന്നു. ഡോ. എൻ. ജയരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടിഒ, എഡിഒ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുമുമ്പ് നിർത്തലാക്കിയ ബസ് സ്റ്റാൻഡ് പുനഃസ്ഥാപിക്കാനും ദേശീയപാതയിൽനിന്നു നേരിട്ട് ഡിപ്പോയിലെത്തുന്നതിന് റോഡ് നിർമിക്കാനും തീരുമാനിച്ചിരുന്നു.
കൂടാതെ ഇപ്പോൾ വർക്ക്ഷോപ്പ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുക, നിലവിലുള്ള ഓഫീസുകളും വെയിറ്റിംഗ് ഷെഡും സ്ഥിതിചെയ്യുന്ന പഴയ കെട്ടിടം പൊളിച്ചുപണിയുന്ന കാര്യം പരിഗണിക്കുക, എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു ഡിപ്പോ നവീകരണത്തിനുള്ള തുക അനുവദിക്കുക എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ, നാലു വർഷം പിന്നിട്ടിട്ടും നടപടികൾ ഒന്നുമായില്ല.
1979ൽ അന്ന് ഗതാഗതമന്ത്രിയായിരുന്ന കെ. നാരായണക്കുറുപ്പാണ് പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോ സ്ഥാപിച്ചത്. തുടക്കത്തിൽ ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡും യാത്രക്കാർക്കാവശ്യമായ അനുബന് ധസൗകര്യങ്ങളും കാന്റീനും എല്ലാം ഉണ്ടായിരുന്നു. സ്റ്റാൻഡ് നിറയെ യാത്രക്കാരും ബസുകളും എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ യാത്രക്കാർക്ക് കെഎസ്ആർടിസി ബസിൽ കയറണമെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം.
ദേശീയപാതയിലൂടെയെത്തുന്ന ബസുകൾ പിപി റോഡിലുള്ള ബസ് സ്റ്റാൻഡിൽ എത്താൻ കൂടുതൽ ദൂരം കറങ്ങിത്തിരിയണമെന്ന കാരണം പറഞ്ഞാണ് ബസ് സ്റ്റാൻഡ് നിർത്തലാക്കിയത്. ദേശീയപാതയിൽനിന്ന് നേരിട്ട് നൂറു മീറ്റർ പാത നിർമിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. പക്ഷേ അതിനുള്ള ശ്രമം നടത്താൻപോലും ആരുമില്ല. ഡിപ്പോയുടെ മാത്രമല്ല പൊൻകുന്നത്തിന്റ തന്നെ മുഖഛായ മാറുന്ന വികസന തീരുമാനങ്ങളായിരുന്നു അന്നെടുത്തത്.