പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പ്രസിഡന്റിനെതിരേ അവിശ്വാസം
1461467
Wednesday, October 16, 2024 5:45 AM IST
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകി. പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് കേരള കോൺഗ്രസ് -എമ്മിലെ റെജി ഷാജി എന്നിവർക്കെതിരേയാണു കോൺഗ്രസ് ഈരാറ്റുപേട്ട ബിഡിഒയ്ക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ പൂർണമായും ബാധിക്കുന്ന ഇഎസ്എ വിഷയത്തിൽ സമയബന്ധിതമായി ഇടപെടുന്നതിനു പഞ്ചായത്ത് ഉദാസീനത കാണിച്ചെന്നും പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയും ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. കോൺഗ്രസിലെ അഞ്ച് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.
14 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-അഞ്ച്, ബിജെപി-നാല്, സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോൺഗ്രസ് എം -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജനപക്ഷം ബിജെപിയിലേക്കു ലയിച്ചതോടെയാണ് ബിജെപിക്ക് നാല് അംഗങ്ങൾ ഭരണസമിതിയിലുള്ളത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. ഇതേത്തുടർന്ന് ജോർജ് മാത്യുവിനോട് സിപിഎം രാജി ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനം അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് ജോർജ് മാത്യുവിനെ സിപിഎം പുറത്താക്കിയിരുന്നു. അവിശ്വാസം പാസാകണമെങ്കിൽ കോൺഗ്രസിന് ബിജെപിയുടെയോ എൽഡിഎഫിന്റെയോ സഹായം ആവശ്യമാണ്.
അതേസമയം, അവിശ്വാസത്തിന് ആധാരമായി പറഞ്ഞിരിക്കുന്ന കാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പ്രസിഡന്റ് ജോർജ് മാത്യു പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ഇഎസ്എക്കെതിരേ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ ഒഴിവാക്കി സംസ്ഥാനം കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയതായി പഞ്ചായത്തിനെ അറിയിച്ചതായും പ്രസിഡന്റ് പറഞ്ഞു.