വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാള്‍ ഇന്ന്
1461464
Wednesday, October 16, 2024 5:45 AM IST
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാള്‍ ഇന്ന് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ആഘോഷിക്കും. ഇന്ന് ആയിരക്കണക്കിന് തീര്‍ഥാടകര്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സന്നിധിയിലെത്തി മാധ്യസ്ഥ്യം തേടി പ്രാര്‍ഥിക്കുകയും നേര്ച്ചസദ്യയില് പങ്കെടുക്കുകയും ചെയ്യും.
തിരുനാളിന് ഒരുക്കമായ നൊവേന ആരംഭിച്ചതു മുതല്‍ രാമപുരത്തേക്കു ഭക്തജനപ്രവാഹമായിരുന്നു. തീര്‍ഥാടന പദയാത്രയായി നിരവധി ഭക്തജനങ്ങളാണ് രാമപുരത്ത് എത്തിയത്. മാതൃവേദി, പിതൃവേദി എന്നീ സംഘടനകളുടെയും കൊണ്ടാട്, ജിയോവാലി, കരൂര്‍, ചിറ്റാര്‍, പൂവക്കുളം, മൂഴൂര്‍, കടപ്ലാമറ്റം, അന്ത്യാളം, ഏഴാച്ചേരി, കയ്യൂര്‍, കടനാട്, കുറവിലങ്ങാട്, നീറന്താനം, ചക്കാമ്പുഴ, ഐങ്കൊമ്പ് എന്നീ ഇടവകകളില്‍നിന്നും തീര്‍ഥാടന പദയാത്ര രാമപുരത്ത് കുഞ്ഞച്ചന്റെ സവിധത്തിലെത്തിയിരുന്നു.
ഇന്നു രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ്. പത്തിന് വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 10.30 ന് പാലാ രൂപത ഡിസിഎംഎസ് പദയാത്ര വെള്ളിലാപ്പിള്ളി, ആര്‍വിഎം സ്കൂള്‍, എസ്എച്ച് ഹൈസ്കൂള്‍ ജംഗ്ഷന്, മഞ്ചാടിമറ്റം സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നു പള്ളിയിലേക്ക് ആരംഭിക്കും. 11.45ന് പദയാത്രയ്ക്ക് സ്വീകരണം. 12ന് പ്രദക്ഷിണം. 1.30ന് വിശുദ്ധ കുര്‍ബാന - ഫാ. ജോസ് വടക്കേക്കുറ്റ്. 4.30 ന് വിശുദ്ധ കുര്‍ബാന - ഫാ. തോമസ് മണ്ണൂര്‍.
വിപുലമായ ഒരുക്കങ്ങള്‍
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം വിപുലമായ ഒരുക്കങ്ങളാണ് ഫൊറോന പള്ളി അധികൃതര്‍ ക്രമീകരിച്ചിട്ടുള്ളത്.
നേര്‍ച്ചഭക്ഷണം വെഞ്ചിരിപ്പിനു ശേഷം രാവിലെ മുതല്‍ പള്ളി മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്ന 11 കൗണ്ടറുകളിലൂടെ തുടര്‍ച്ചയായി വിതരണം ചെയ്യും. ഇതിനായി 3000 കിലോ അരിയുടെ ചോറും 1000 കിലോ പയറും 1200 ലിറ്റര്‍ തൈര് ഉപയോഗിച്ചുള്ള പുളിശേരിയും 400 കിലോ നാരങ്ങയുടെ അച്ചാറുമാണ് തയാറാക്കിയിരിക്കുന്നത്. നേര്‍ച്ചഭക്ഷണം തയാറാക്കുന്നതിനായി വിദഗ്ധരായ പാചകക്കാരുടെയും അമ്പതോളം ഇടവകക്കാരുടെയും സംഘം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ഭക്തജനങ്ങള്‍ക്ക് സൗകര്യപൂര്‍വം കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുമായി അറുനൂറോളം വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്.
ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തിരക്കുള്ള സമയങ്ങളില്‍ പാലായില്‍നിന്നു ചക്കാമ്പുഴ വഴിയും ഏഴാച്ചേരി വഴിയും, കൂത്താട്ടുകുളം, കുണിഞ്ഞി എന്നിവിടങ്ങളില്‍നിന്നു രാമപുരത്തേക്കും തിരിച്ചും കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. സ്വകാര്യ വാഹനങ്ങൾക്ക് പാര്‍ക്കിംഗ് സൗകര്യം സ്കൂള്‍ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുണ്ട്.