നടപടി അംഗീകരിക്കാനാവില്ലെന്ന് റവ.ഡോ. ജോസഫ് മുണ്ടകത്തിൽ
1461308
Tuesday, October 15, 2024 7:27 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി തരംതാഴ്ത്തപ്പെടുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ അതിരമ്പുഴ പള്ളി തികച്ചും സൗജന്യമായി നൽകിയ സ്ഥലത്താണ് അതിരമ്പുഴയിൽ സർക്കാർ ആശുപത്രി സ്ഥാപിച്ചത്. ആശുപത്രി കെട്ടിടം നിർമിക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമായി വലിയൊരു തുക അന്നു പള്ളി സംഭാവന ചെയ്യുകയും ചെയ്തു.
അതിരമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായായിരുന്നു അതിരമ്പുഴ പള്ളി സ്ഥലവും പണവും നൽകിയത്. ഈ ആശുപത്രിയിലൂടെ ഇന്നാട്ടിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം ലഭിച്ചുവരികയുമാണ്.
ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ പരിമിതപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്ത ഈ നടപടിയിൽനിന്ന് അധികൃതർ പിന്മാറണമെന്നും അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും അധികാരികളോട് അഭ്യർഥിക്കുന്നതായി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ പറഞ്ഞു.