മുപ്പത് ടൺ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി
1460867
Monday, October 14, 2024 3:13 AM IST
ചിറക്കടവ്: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച മുപ്പത് ടൺ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, സി.കെ. രാമചന്ദ്രൻ നായർ, ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ അൻഷാദ് ഇസ്മായിൽ, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ മനോജ് മാധവൻ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന കാമ്പയിന്റെ ഭാഗമായി കുട, ബാഗ്, ചെരുപ്പ്, ചില്ല് വേസ്റ്റ് തുടങ്ങി 30 ടൺ പാഴ്വസ്തുക്കളാണ് ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
പ്രവർത്തനങ്ങൾക്ക് വാർഡ് മെംബർമാരും ഹരിതകർമ സേനാംഗങ്ങളും നേതൃത്വം നൽകി. സെക്രട്ടറി എസ്. ചിത്ര, അസി. സെക്രട്ടറി സിന്ധു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.