പേസ് ബൗളിംഗിൽ ഇന്ത്യയുടെ ഭാവിവാഗ്ദാനമായി ആദിത്യ ബൈജു
1460710
Saturday, October 12, 2024 3:44 AM IST
കുമരകം: വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരവും കുമരകം സ്വദേശിയുമായ ആദിത്യ ബൈജു ഇന്ത്യൻ ക്രിക്കറ്റിന് ഭാവി വാഗ്ദാനമായി. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്.
ആദ്യ ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്റെ ഉജ്ജ്വല സ്പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റൻ ആരവ് മഹാജനെയും തുടർന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീൻ ബൗൾഡാക്കിയാണ് ആദിത്യ കരുത്ത് തെളിയിച്ചത്. വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷേ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തിൽ കേരളം 131 റൺസിന്റെ തോൽവി വഴങ്ങി.
എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനം തുടരുന്ന ആദിത്യ ഇന്ത്യയുടെ ഭാവി പേസ് ബൗളിംഗ് പ്രതീക്ഷയാണ്. ആദിത്യ കളിച്ചുവളര്‍ന്നത് ദുബായിലാണ്. അച്ഛന്റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവടുവച്ചത്. കുമരകം നാലാം വാർഡിൽ ജ്യോതിർ ഭവനിൽ ബൈജു ജില്ല, സോൺ തലങ്ങളിലെ ടീമുകളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.
ദുബായിൽ രാഹുൽ കിങ്കു, പയസ്, വിനോദ് വിക്രമൻ എന്നിവരായിരുന്നു ആദിത്യയുടെ പരിശീലകർ. പത്താം ക്ലാസിന് ശേഷം പഠനവും പരിശീലനവുമെല്ലാം നാട്ടിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരിന്റെയും കാർത്തിക് രാജന്റെയും പരിശീലനത്തിൻ കീഴിലായിരുന്നു ആദിത്യ. ഏതാനും മാസങ്ങൾ മുൻപാണ് എംആർഎഫ് പേസ് ഫൗണ്ടേഷനിലേക്ക് സെലക്ഷൻ ലഭിച്ചത്. മികച്ച വേഗവും ലൈനും ലെംഗ്തുമാണ് ആദിത്യയുടെ കരുത്ത്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റെടുക്കാനുള്ള കഴിവുമുണ്ട്.
കഴിഞ്ഞ വർഷവും കേരളത്തിന്റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ. ഇതിനു പറമെ കെസിഎയുടെ എലൈറ്റ് ടൂർണമെന്റുകളായ കോറമാന്റൽ ട്രോഫിയിലും സെലസ്റ്റിയൽ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ച വച്ചു. കോറമാന്റ് ട്രോഫിയിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റിയൽ കപ്പിലെ പ്രോമിസിംഗ് പ്ലേയറായിരുന്നു ആദിത്യ.
ഈ മികവാണ് തുടർച്ചയായ രണ്ടാം വർഷവും കേരള അണ്ടർ 19 ടീമിലേക്ക് വഴി തുറന്നത്.