മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ അടപ്പിച്ചു
1460707
Saturday, October 12, 2024 3:39 AM IST
തലനാട്: മാലിന്യം തള്ളിയ ആളെ കണ്ടെത്തി തിരികെ വാരിക്കുകയും പിഴ അടപ്പിക്കുകയും ചെയ്ത് തലനാട് പഞ്ചായത്ത്. അയ്യന്പാറ ഇന്ത്യൻ ഗ്യാസ് ഏജൻസിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയ കടയുടമയെ കൊണ്ടാണ് പഞ്ചായത്ത് തിരികെ എടുപ്പിക്കുകയും 10,000 രൂപ പിഴ അടപ്പിക്കുകയും ചെയ്ത്.
കഴിഞ്ഞ ആഴ്ചയാണ് റോഡിന്റെ സംരക്ഷണഭിത്തിക്ക് താഴ്ഭാഗത്തായാണു മാലിന്യം തള്ളിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പഞ്ചായത്തംഗം റോബിൻ ജോസഫ് എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തിയത്. തുടർന്ന് പിഴ അടയ്ക്കുവാനും മാലിന്യം നീക്കം ചെയ്യുവാനും പഞ്ചായത്ത് സെക്രട്ടറി കടയുടമയ്ക്ക് കത്ത് നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം മേസ്തിരിപ്പടിയിൽ മാലിന്യം തള്ളിയ ആളെ കണ്ടെത്തി 3500 രൂപ പിഴ അടപ്പിച്ചിരുന്നു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.