ഭീഷണിയായി കാട്ടുപന്നികള്‍; വെടിവയ്ക്കാന്‍ തോക്കുകാരില്ല
1460698
Saturday, October 12, 2024 3:32 AM IST
കോട്ടയം: നാട്ടിന്‍പുറങ്ങളിലേക്കും നഗരങ്ങളിലേക്കുംവരെ കാട്ടുപന്നികള്‍ കയറിക്കയറി വരികയാണ്. വനവുമായി ഒരു ബന്ധവുമില്ലാത്ത ജില്ലയിലെ പ്രദേശങ്ങളിലേക്കും റബര്‍ ത്തോട്ടങ്ങളിലേക്കും കാട്ടുപന്നി കുടിയേറിയതോടെ ജനജീവിതം വഴിമുട്ടുന്നു. മാത്രവുമല്ല ഇവയുടെ ആക്രമണം ഭയന്ന് കൃഷിയിടങ്ങളിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയുമായി.
കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ കാട്ടുപന്നി ശല്യത്തെത്തുടര്‍ന്ന് സമീപ വര്‍ഷങ്ങളിലായി കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷി നിര്‍ത്തിയവര്‍ ഏറെപ്പേരാണ്. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വേണ്ടത്ര പേര്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ലെന്നും നിലവിലുള്ള ആയിരം രൂപ പ്രതിഫലം രണ്ടായിരമായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. അവശ്യസാഹചര്യങ്ങളില്‍ ലൈസന്‍സുള്ള തോക്കുധാരികളെ ലഭിക്കുന്നില്ലെന്നാണ് പരിമിതി.
ഒരു കാട്ടുപന്നിയെ കൊന്ന് കത്തിച്ചു മറവു ചെയ്യുന്നതിന് ആയിരം രൂപ പഞ്ചായത്തില്‍നിന്ന് നല്‍കണമെന്നാണ് ചട്ടം. തുക തനതുഫണ്ടില്‍ നിന്ന് കണ്ടെത്തണം. ഇതിനുള്ള ഫണ്ട് ഏറെ പഞ്ചായത്തുകളിലുമില്ല.
നിലവില്‍ ലഭിക്കുന്ന ആയിരം രൂപ പെട്രോള്‍ ഉള്‍പ്പെടെ വാങ്ങാനും കുഴിയെടുക്കാനും തികയില്ലെന്നാണ് തോക്കുകാര് പറയുന്നത്. കാട്ടുപന്നിശല്യം കൂടുതലുള്ള വാര്‍ഡുകളില്‍ കുറഞ്ഞത് രണ്ടു പേര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നാണ് കിഫ ഉള്‍പ്പെടെ നിര്‍ദേശിക്കുന്നത്. മുന്‍പ് സംസ്ഥാനത്ത് 12,000 പേര്‍ക്ക് തോക്ക് ലൈന്സുണ്ടായിരുന്നത് ഏഴായിരമായി കുറഞ്ഞു.
സംസ്ഥാനത്ത് കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തയാറുള്ളവര്‍ 200 പേര് മാത്രമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും മനുഷ്യനും കൃഷിക്കും ഭീഷണിയായാല്‍ വെടിവച്ചുകൊല്ലാനും ഉദാരമായ ഉത്തരവാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ വനംവകുപ്പ് വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല.
പമ്പയില്‍ നിന്നുള്‍പ്പെടെ കാട്ടുപന്നികളെ ലോറികളില്‍ കയറ്റി ജനവാസ മേഖലയില്‍ വനപാലകര്‍ ഇറക്കിവിട്ടിരുന്നു. ശബരിമല സീസണിനു മുന്‍പ് വീണ്ടും പന്നികളെ നാട്ടിലെ എസ്റ്റേറ്റുകളില്‍ ഇറക്കിവിടാനുള്ള നീക്കം നടക്കുന്നതായി കര്‍ഷകര്‍ ആശങ്കപ്പെടുന്നു. വിരമിച്ച പോലീസുകാരെയും വിമുക്തഭടന്മാരെയും റൈഫിള്‍ ക്ലബ് അംഗങ്ങളെയും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു.
മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന ദുരന്തത്തിന്റെ പരിധിയില്‍പ്പെടുത്തുമെന്നും കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള ചെലവ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് അനുവദിക്കുന്നത് പരിഗണിക്കുമെന്നും വനംമന്ത്രി പറയുന്നു.
എന്നാല്‍ നൂറുകണക്കിന് പന്നികള്‍ ഒരുമിച്ച് നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം നേരിടുന്നതില്‍ ഇതൊന്നും പ്രായോഗികമല്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വനം വകുപ്പ് കെണിവച്ചു പിടിച്ച് അവര്‍തന്നെ കൊന്നൊടുക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ നിര്‍ദേശം വയ്ക്കുന്നത്.