തൊഴിലിടങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമ: ജസ്റ്റീസ് സിറിയക് തോമസ്
1460459
Friday, October 11, 2024 5:19 AM IST
ഗാന്ധിനഗര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജസ്റ്റീസ് സിറിയക് തോമസ്. ലോക മാനസികാരോഗ്യ ദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം ഏഷ്യാ പസഫിക് മാനസികാരോഗ്യ സംഘടനയും ഐഎംഎ കേരള ഘടകവും ചേര്‍ന്നു സംഘടിപ്പിച്ച ലോക മാനസിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പ്രാധാന്യം നല്‍കുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎഫ്എംഎച്ച് ഏഷ്യാ പസഫിക് വൈസ്പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി.
ഡബ്ല്യുഎഫ്എംഎച്ച് പ്രസിഡന്റ് ഡോ. സുയോക്ഷി അകിയാമ (ജപ്പാന്), ഡബ്ല്യുഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിയാറോ, ഡബ്ല്യുഎച്ച്ഒ മാനസികാരോഗ്യം മുന്‍ ഡയറക്ടര്‍ ഡോ. നോര്മന്സാര് റ്റോറിയസ്, ലോക മാനസിക രോഗ അസോസിയേഷന് പ്രസിഡന്റ് ഡോ. ഡാനുറ്റ വസേര്മാന് (സ്വീഡന്) എന്നിവര്‍ സന്ദേശം നല്കി.
ഡോ. പ്രിയ ജി. മേനോന്, ഡോ. സൗമ്യപ്രകാശ് എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, മെഡിസിന് വിഭാഗം മേധാവി ഡോ. ടി.ആര്. രാധ, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.ടി. സുരേഖ, മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. പി.ജി. സജി, ഡോ. സ്മിത രാംദാസ് എന്നിവര്‍ പ്രസംഗിച്ചു.