പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1460166
Thursday, October 10, 2024 6:25 AM IST
ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പുത്തൻപുരയ്ക്കൽ പി.എൻ. ആസിഫ് (28) ആണ് അറസ്റ്റിലായത്.
രണ്ടിനു രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു കാറിലെത്തിയ ഇയാൾ അച്ഛന്റെ സുഹൃത്താണെന്നും അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞു കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ചിങ്ങവനം പോലീസിൽ പരാതി നൽകി.
കേസെടുത്ത ചിങ്ങവനം പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ യുവാവിനെ തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. ആസിഫിന്റെ പേരിൽ ഏറ്റുമാനൂർ എക്സൈസിൽ കഞ്ചാവ് കൈവശം വച്ചതിന് ക്രിമിനൽകേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.