മൈനാക്കുളത്തെ കാട്ടാനശല്യം: സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം
1460085
Wednesday, October 9, 2024 11:44 PM IST
കോരുത്തോട്: മൈനാക്കുളത്ത് മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുവാൻ വനാതിർത്തി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പത്തിലധികം വരുന്ന ആനകൾ കൂട്ടമായി എത്തിയാണ് കൃഷിയിടത്തിൽ വ്യാപക നാശനഷ്ടം വരുത്തുന്നത്.
മുൻകാലങ്ങളിൽ ജനവാസ മേഖലയും വനവും തമ്മിൽ വേർതിരിക്കുന്ന ഭാഗങ്ങളിൽ അടിക്കാടുകൾ വെട്ടിത്തെളിച്ച് വേർതിരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ഭാഗങ്ങളിലെല്ലാം വലിയ കാട് വളർന്നുനിൽക്കുന്നത് മൂലം വന്യമൃഗങ്ങൾക്ക് വളരെ വേഗത്തിൽ കൃഷിയിടങ്ങളിലേക്ക് എത്തുവാൻ കഴിയും. വനാതിർത്തി മേഖലയിൽ സോളാർ വേലികളും കിടങ്ങുകളും നിർമിച്ചാൽ കാട്ടാന ശല്യം ഒരു പരിധിവരെ പരിഹരിക്കുവാൻ കഴിയും.
എന്നാൽ, അധികാരികൾ വാഗ്ദാനമല്ലാതെ ഇവ നടപ്പിലാക്കുന്നതിന് മുൻകൈ എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. കോരുത്തോട് ടൗണിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെയുള്ള മൈനാക്കുളം ഭാഗത്തേക്ക് ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ നിന്നുമാണ് പലപ്പോഴും കാട്ടാനക്കൂട്ടമെത്തുന്നത്.
അടിയന്തരമായി സുരക്ഷാ സംവിധാനമൊരുക്കി മൈനാക്കുളത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.