വാരിയാനിക്കാട് പാറമട ജനങ്ങൾക്ക് ഭീഷണി
1460079
Wednesday, October 9, 2024 11:44 PM IST
തിടനാട് : തിടനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ വാരിയാനിക്കാട് പ്രവർത്തിക്കുന്ന പാറമട ജനങ്ങൾക്കു ദുരിതമാകുന്നതായി പരാതി. പാറമടയിൽനിന്നുള്ള മലിനജലം പാറമടയുടെ സമീപത്തുള്ള കൈത്തോട് വഴി പിണ്ണാക്കനാട് തോട്ടിലാണ് എത്തുന്നത്. പാറമടയിൽ കെട്ടി കിടക്കുന്ന മലിന ജലം രാത്രിയുടെ മറവിൽ സമീപത്തെ കൈത്തോട്ടിലേക്കു പമ്പ് ചെയ്യുന്നതായും പ്രദേശവാസികൾ പറയുന്നു. മലിനജലമെത്തുന്നതോടെ പിണ്ണാക്കനാട് തോട്ടിൽ കുളിക്കുവാനോ അലക്കുവാനോ സാധിക്കാത്ത സാഹചര്യമാണ്.
കുടിവെള്ളം മലീനമാകുന്നു
വാരിയാനിക്കാട് സ്നേഹഗിരി കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് പിണ്ണാക്കനാട് തോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. മലിനജലം കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ എത്തി കുടിവെള്ളം മലീനമാകുന്നു. മാടപ്പള്ളി, ഓണാനി നിവാസികളിൽ ഭൂരിഭാഗം ആൾക്കാരും ഈ തോടിനെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
ശക്തമായ മഴയിൽ നീരൊഴുക്ക് ഉണ്ടാകുന്ന പ്രദേശത്ത് മൈനിംഗ് ആൻഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ്, ചെറുകിട ജലസേചനം എന്നീ വകുപ്പുകളുടെ അധികൃതർ പ്രാഥമിക പരിശോധന നടത്താതെയാണ് പാറമടയ്ക്ക് പ്രവർത്തനാനുമതി നൽകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പന്തൽകെട്ടി സമരം
പാറമടയിലെ ഖനനം മൂലം സമീപത്തെ നിരവധി വീടുകൾക്ക് വിള്ളലുകൾ വീഴുകയും ജനലുകളും വാതിലുകളും തകർന്നതായും പ്രദേശവാസികൾ പറയുന്നു. പാറമടയുടെ പ്രവർത്തനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പാറ ഖനനം നിർബാധം തുടരുകയാണെന്നും സമീപത്ത് വീണ്ടും ഒരു പാറമട കൂടി തുടങ്ങുവാൻ ശ്രമം നടക്കുന്നതായും നാട്ടുകാർ പറയുന്നു.
സമരവുമായി മുന്നോട്ട്
ഈരാറ്റുപേട്ട സ്വദേശിയുടെ പുരയിടത്തിലാണ് പാറമട പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പാറമടയുടെ പ്രവർത്തനം നിരോധിക്കാൻ അധികൃതർ തയാറാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.