ഏഞ്ചല്‍വാലി, പമ്പാവാലി നിവാസികള്‍ക്ക് ഇന്ന് നിര്‍ണായകം
1459855
Wednesday, October 9, 2024 5:46 AM IST
കോട്ടയം: പമ്പാവാലി, ഏഞ്ചല്‍വാലി നിവാസികള്‍ അതിജീവനത്തിനായി നേരിടുന്ന പ്രധാന പ്രശ്നത്തില്‍ ഇന്ന് അനുകൂല തീരുമാനമുണ്ടായേക്കും.
എരുമേലി പഞ്ചായത്തില്‍പ്പെട്ട പമ്പാവാലി, ഏഞ്ചല്‍വാലി വാര്‍ഡുകളെ പെരിയാര്‍ വന്യജീവിസങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര വന്യജീവി ബോര്‍ഡ് ഇന്ന് തീരുമാനമെടുക്കും. ഈ പ്രദേശങ്ങളെ വനപരിധിയില്നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുത്തതും ഉറപ്പുനല്കിയതുമായ തീരുമാനം സംസ്ഥാന വന്യജീവി ബോര്‍ഡ് കേന്ദ്രത്തെ അടിയന്തിരമായി രേഖാമൂലം ധരിപ്പിക്കുന്നതില്‍ താമസവും വീഴ്ചയും വരുത്തിയിരുന്നു. പരിവാഹന്‍ എന്ന ഔദ്യോഗിക പോര്‍ട്ടലില്‍ പമ്പാവാലിയെയും ഏഞ്ചല്‍വാലിയെയും വനമേഖലയില്‍നിന്ന് ഒഴിവാക്കണമെന്ന് വ്യക്തമായി രേഖ നല്‍കിയിരുന്നില്ല.
കഴിഞ്ഞ ദിവസം ദീപിക ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം ചേര്‍ന്ന് വീഴ്ച അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശിച്ചു. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും അടിയന്തിര ഇടപെടലുകള്‍ നടത്തിയിരുന്നു.
അതനുസരിച്ച് തിങ്കളാഴ്ച പരിവാഹന്‍ പോര്‍ട്ടലില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര വന്യജീവി ബോര്‍ഡ് യോഗത്തില്‍ ഏഞ്ചല്വാലിയും പമ്പാവാലിയും 75 വര്‍ഷമായി ജനവാസ മേഖലയാണെന്നതില്‍ വ്യക്തത വരുത്താന്‍ പള്ളികള്‍, സ്കൂളുകള്‍, പോസ്റ്റ് ഓഫീസ്, വായനശാല തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ജിയോ ടാഗ് ഫോട്ടോകള്‍ എടുത്ത് ഇന്നലെ ഫോറസ്റ്റ് അധികാരികള്‍ ഡല്‍ഹിയിലേക്ക് അയച്ചു.
ഇക്കാര്യത്തില്‍ അനുകൂല വിധിയുണ്ടായാല്‍ പ്രദേശത്തെ പട്ടയവിതരണം വേഗത്തിലാകും. നിലവില്‍ ലഭിച്ച 600 പേരുടെ പട്ടയം വനം വകുപ്പിനും അംഗീകരിക്കേണ്ടിവരും. ശേഷിക്കുന്ന 400 പേര്‍ക്കുകൂടി കൈവശാവകാശം വന്നുചേരുകയും ചെയ്യും. നിലവില്‍ പരിസ്ഥിതി ലോല പ്രശ്നവും ബഫര്‍ സോണ്‍ വിഷയവും ഏഞ്ചല്‍വാലി, പമ്പാവാലി നിവാസികളുടെ ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളാണ്. രണ്ടു വിഷയങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങളും ജനപ്രതിനിധികുടെ ഇടപെടലും അനിവാര്യമാണ്.