കുന്നോന്നിയിൽ കുടുംബക്ഷേമകേന്ദ്രം: പഞ്ചായത്തിന്റെ അനാസ്ഥ; സ്വകാര്യവ്യക്തി സംഭാവന നൽകിയ സ്ഥലം കാടായി
1459827
Wednesday, October 9, 2024 5:13 AM IST
കുന്നോന്നി: കുടുംബക്ഷേമകേന്ദ്രം നിർമാണത്തിനു സ്ഥലം സംഭാവനയായി നൽകാമെന്നു വാഗ്ദാനം ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും രേഖകൾ തയാറാക്കി പേരിൽക്കൂട്ടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്.
പഞ്ചായത്ത് ഏഴാം വാർഡിൽ കുന്നോന്നി-ആലുംതറ പൊതുമരാമത്ത് റോഡ് സൈഡിൽ കൊടക്കനാൽ കെ.വി. പോൾ ഒരു വർഷം മുൻപ് അഞ്ചു സെന്റ് സ്ഥലം കുടുംബക്ഷേമ കേന്ദ്രത്തിനായി എഴുതി നൽകാമെന്നു പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന് ഉറപ്പു നൽകിയിരുന്നു.
എന്നാൽ ഇതുവരെയും വസ്തു പേരിൽക്കൂട്ടി തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനു സാധിച്ചില്ല. പഞ്ചായത്തിനു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ പിന്നീട് ഇവിടെ പണികളൊന്നും നടത്തിയില്ല. ഇപ്പോൾ ഈ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പൊതുജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു കിണറുകൾ ഉൾപ്പെടെ ഇപ്പോൾ കാടുപിടിച്ച് ഉപയോഗശൂന്യമായിരിക്കുന്നു. പലതവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒരു മാസം മുൻപ് വാർഡ് മെംബർ തുടർനടപടികൾ സ്വീകരിക്കാനായി സ്ഥലത്തിന്റെ രേഖകൾ വാങ്ങിച്ചു പോയെങ്കിലും പിന്നീട് യാതൊന്നും നടന്നില്ല.
നാടിന്റെ വികസനത്തിനു സ്ഥലം സംഭാവനയായി ലഭിച്ചിട്ടുപോലും അതു വിനിയോഗിക്കാൻ പഞ്ചായത്തിനു സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടെ കുടുംബക്ഷേമകേന്ദ്രം തുറന്നാൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമാകും.