ഭരണങ്ങാനത്ത് ഹിന്ദിയില്‍ ദേശീയ സെമിനാര്‍
1459826
Wednesday, October 9, 2024 5:13 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്ഥാടനകേന്ദ്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സെന്റ് അല്‍ഫോന്‍സ സ്പിരിച്വാലിറ്റി സെന്ററില്‍ വിശുദ്ധയുടെ നാമകരണത്തിന്റെ 16-ാം വാര്‍ഷികത്തോടനുബന്ധിച്ച് 12ന് പ്രേമോത്സര്ഗ് എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഹിന്ദി ഭാഷയില്‍ നടത്തപ്പെടുന്ന സെമിനാര്‍ രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 4.30ന് അവസാനിക്കും.
കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എംഎസ്ടി ഡയറക്ടര്‍ ജനറൽ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറന്പില്‍ അധ്യക്ഷത വഹിക്കും. എഫ്സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യൽ സിസ്റ്റര്‍ ജെസി മരിയ, എംഎസ്ടി വൈസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
പ്രഫ. ഡോ. പി.ജെ. ഹെര്‍മന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതവും മിഷനും സംബന്ധിച്ച് സംസാരിക്കും. റവ. ഡോ. ജോര്‍ജ് കാരാംവേലി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആത്മീയദര്ശനത്തെക്കുറിച്ചും ഡോ. സിസ്റ്റര്‍ കൊച്ചുറാണി ജോസഫ് എസ്എബിഎസ് അല്ഫോന്സിയന് ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫാ. ബിജു താന്നിനിൽക്കുംതടത്തില് വിശുദ്ധ അല്‍ഫോന്‍സാമ്മയും വിശുദ്ധ കുര്‍ബാനയും, ഡോ. ജെസ്റ്റി ഇമ്മാനുവല്‍ കുടുംബജീവിതത്തെക്കുറിച്ചുള്ള അല്ഫോന്സിയന് ദര്‍ശനം, ഡോ. ശോഭിത സെബാസ്റ്റ്യന്‍ വിശുദ്ധ അല്‍ഫോന്‍സ കുട്ടികളുടെ ആത്മീയ സുഹൃത്ത് എന്നീ വിഷയങ്ങളെക്കുറിച്ചും സംസാരിക്കും.
ഡോ. നീരദ മരിയ കുര്യൻ, ഫാ. ബാബു കക്കാനിയില്‍ എസ്വിഡി, ഡോ. ബ്രിജിത്ത് പോള്‍, ഡോ. കെ.എം. മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫാ. സന്തോഷ് ഓലപ്പുരയ്ക്കല്‍ എംഎസ്ടി അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് മലേപ്പറമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 8301065244 എന്ന നമ്പറില്‍ ബുക്ക് ചെയ്യണം. സെമിനാറിന്റെ തത്സമയ സംപ്രേഷണം സെന്റ് അല്‍ഫോന്‍സ ഷറൈന്‍ യൂട്യൂബ് ചാനലില്‍ ഉണ്ടായിരിക്കും.