സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ കൈയൊഴിയുന്നു
1459626
Tuesday, October 8, 2024 6:04 AM IST
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ കൈയൊഴിയുന്നു. നെല്ലിന് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഉയര്‍ത്തിയ താങ്ങുവിലയും കര്ഷകന് ലഭിക്കാന്‍ സാധ്യതയില്ല.
മുന്‍ വര്‍ഷങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള വിഹിതം കുറയ്ക്കുകയാണ് പതിവ്. സപ്ലൈകോ ഒന്നാംഘട്ടം നെല്ല് സംഭരണം ആരംഭിച്ചിട്ടും സര്‍ക്കാര്‍ ഔദ്യോഗികമായി വില പ്രഖ്യാപിക്കാത്തത് കര്‍ഷകരില്‍ ആശങ്കയുണര്‍ത്തുന്നു. കൂടാതെ സപ്ലൈകോ ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കഴിഞ്ഞ വര്‍ഷം നല്കിയ 28.32 രൂപയാണ് വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച മുഴുവന്‍ തുകയും ലഭിച്ചാല്‍ ഈ സീസണ് മുതല്‍ ഒരു കിലോ നെല്ലിന് 32.64 രൂപ കര്ഷകന് ലഭിക്കും. മുന്‍ വര്‍ഷങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില കുറയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്.
2020-21 ല്‍ ഒരു കിലോ നെല്ലിന് 27.48 രൂപയായിരുന്നു വില. 2021-22 ല്‍ കേന്ദ്രം 72 പൈസയും കേരളം 52 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ 28.72 ലഭിക്കേണ്ടതാണ്. എന്നാല്‍, അന്ന് കര്‍ഷകര്‍ക്ക് ലഭിച്ചത് 28 രൂപ മാത്രമാണ്. 2022-23ല്‍ കേന്ദ്രം ഒരു രൂപയും സംസ്ഥാനം 20 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കേണ്ടത് 29.92 രൂപയായിരുന്നു, എന്നാല്‍ ലഭിച്ചത് 28.20 രൂപ മാത്രം. ഇതോടൊപ്പം കൈകാര്യ ചെലവെന്ന് പറഞ്ഞ് 12 പൈസാ കൂടി ലഭിച്ചു.
2023-24 ല്‍ കേന്ദ്രം 1.43 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കേണ്ടത് 31.35 രൂപയും കൈകാര്യ ചെലവ് 12 പൈസയും കൂട്ടി 31.47 പൈസയാണ്. എന്നാല്‍ കര്ഷകന് ലഭിച്ചത് 28.32 രൂപ മാത്രം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.17 പൈസായും കൂട്ടി കര്‍ഷകര്‍ക്ക് ഈ സീസണ് മുതല്‍ ലഭിക്കേണ്ടത് 32.64 പൈസയാണ്. എന്നാല്‍ ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഈ താങ്ങുവില ലഭിച്ചാലും നെല്‍കൃഷി ലാഭകരമാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തല്‍ ചെലവ് കൂടുതലാണ്. കൂടാതെ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതവിലയും തൊഴിലാളികളുടെ കൂലിവര്‍ധനവും കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറയുന്നതും നാട്ടില്‍ നെല്‍കൃഷി ലാഭകരമല്ലാതാക്കി മാറ്റിയെന്നും കര്‍ഷകര്‍ പറയുന്നു.