അളവ്, തൂക്ക ക്രമക്കേടുകൾ വ്യാപകം ; ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകൾ നിലച്ചു
1459625
Tuesday, October 8, 2024 6:04 AM IST
കോട്ടയം: അളവ്, തൂക്കം, മായം, പഴക്കം എന്നിവയിലെ ക്രമക്കേട് കണ്ടെത്താനുള്ള ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകൾ നിലച്ചതോടെ ക്രമക്കേടുകള്‍ വീണ്ടും വ്യാപകമായി. ഓണം കഴിഞ്ഞതോടെ അളവിലും തൂക്കത്തിലും വ്യത്യാസമുള്ള ഉപകരണങ്ങള്‍ കമ്പോളത്തില്‍ തിരിച്ചെത്തിയതായി ഉപഭോക്താക്കള്‍ പറയുന്നു.
ഓണം സീസണിലെ പരിശോധനകളില്‍ മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. അളവിലും തൂക്കത്തിലും വ്യപകമായ കുറവും തിരിച്ചറിഞ്ഞു. മത്സ്യം, മാംസം, പാല്, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയിലാണ് തുടര്‍ പരിശോധന ആവശ്യമുള്ളത്.
കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ വീഴ്ചയാണ് വരുത്തുന്നത്. നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലേബല്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്താല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. നിയമങ്ങള്‍ കര്‍ക്കശമെങ്കിലും ഓണം കഴിഞ്ഞതോടെ ഉദ്യോഗസ്ഥരും സ്ക്വാഡും കളമൊഴിഞ്ഞു.