മുട്ടമ്പലം പൊതുശ്മശാനം തകര്‍ച്ചയുടെ വക്കില്‍
1459620
Tuesday, October 8, 2024 3:03 AM IST
കോട്ടയം: മുട്ടമ്പലം പൊതുശ്മശാനം തകര്‍ച്ചയുടെ വക്കിലാണെങ്കിലും നടപടിയെടുക്കാതെ മൗനം തുടര്‍ന്ന് അധികൃതര്‍. മൃതദേഹത്തോടു പോലും അനാദരവു കാട്ടിയെന്ന പരാതി നിലനിൽക്കുന്നു.
ഇക്കഴിഞ്ഞ ഒന്നിനു മരണപ്പെട്ട ഒരാളുടെ മൃതദേഹം ദഹിപ്പിച്ചുകൊണ്ടിരിക്കുന്പോഴാണ് ഫര്‍ണസ് കേടായത്. തുടര്‍ന്നു പെട്രോള്‍ ഒഴിച്ചാണ് മൃതദേഹം ബാക്കി ദഹിപ്പിച്ചത്. രണ്ടു യൂണിറ്റ് ക്രെമറ്റോറിയമാണ് മുട്ടമ്പലം ശ്മശാനത്തിലുള്ളത്. ഇതു രണ്ടും കൃത്യമായി മെയിന്റനന്‍സ് നടപ്പിലാക്കാത്തതു മൂലം പ്രവര്‍ത്തനരഹിതമായ സ്ഥിതിയിലാണ്. രണ്ടു വര്‍ഷം മുന്‍പ് 15 ലക്ഷം രൂപ വിനിയോഗിച്ചു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നാണ് നഗരസഭയുടെ അവകാശവാദം. ഇതു സംബന്ധിച്ചു പ്രതിപക്ഷം അന്നു തന്നെ വിജിലന്‍സ് അ്ന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്പോലും യാതൊരു മാറ്റവും പൊതുശ്മശാനത്തിലില്ലെന്നാണ് യാഥാര്‍ഥ്യം.
നഗരസഭയിലെ 1.60 ലക്ഷം ജനങ്ങളും, നഗരസഭയ്ക്കു പുറത്തു വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകളും ഉപയോഗിക്കുന്ന ശ്മശാനമാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നശിക്കുന്നത്. മുട്ടമ്പലം പൊതു ശ്മശാനത്തോടുള്ള നഗരസഭയുടെ അവഗണന മുന്‍പും വാര്‍ത്തയായിരുന്നു.
വൈദ്യുതിയിലാണ് നേരത്തേ ശ്മാശനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അധികൃതരുടെ നിസംഗത മൂലം മൃതദേഹവുമായി ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായി. തുടര്‍ന്നാണ് ഗ്യാസ് ഉപയോഗിക്കാന്‍ തുടങ്ങിയത്. വൈദ്യുതി മാറി ഗ്യാസ് വന്നിട്ടും ശ്മശാനത്തിനു യാതൊരു മാറ്റവുമില്ല.