വിളവെടുപ്പു നടത്തി
1459617
Tuesday, October 8, 2024 3:03 AM IST
കുമരകം: പ്രിസിഷൻ ഫാമിംഗ് രീതിയിൽ ഇല്ലിക്കളം ലേക്ക് സൈഡ് കോട്ടേജസിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പു നടത്തി. വേമ്പനാട്ടുകായലിന്റെ കുളിർകാറ്റേറ്റ് കായലാേരത്തെ റിസാേർട്ടിൽ വളർന്ന വെണ്ടയും ചീരയും വഴുതനയും കുറ്റിപ്പയറും പപ്പായയും പൈനാപ്പിളും കപ്പയും ഉൾപ്പെടെയുള്ള വിവിധതരം വിളകളുടെ വിളവെടുപ്പാണ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവും കുമരകം കൃഷി ഓഫീസർ ആൻ സ്നേഹ ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്. പ്രിസിഷൻ ഫാമിംഗ് രീതിയുടെ ഒരു ഘടകമായ ഡ്രിപ് ഇറിഗേഷൻ മുഖേനയാണ് ഇവിടെ ചെടികൾക്കു വെള്ളവും പോഷകങ്ങളും നൽകുന്നത്.
ചെടികൾക്കാവശ്യമായ വെള്ളവും പോഷകങ്ങളും പരിചരണവും കൃത്യസമയത്ത് കൃത്യമായ അളവിൽ നൽകുന്നുവെന്നതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത. ചെടികളുടെ ചുവട്ടിൽ ആവശ്യത്തിനുമാത്രം വെള്ളം നൽകുന്നതു വഴി ജലം നഷ്ടമൊഴിവാകും.
വെള്ളം പോലെ തന്നെ വളങ്ങളും ലയിപ്പിച്ച് ഡ്രിപ് രീതിയിൽ കൃത്യമായ അളവിൽ നൽകാൻ കഴിയും. മൾച്ചിംഗ് ഷീറ്റ് ഉപയോഗിക്കുന്നതിനാൽ കളനിയന്ത്രിക്കാനും വിളവ് വർധിപ്പിക്കാനും കഴിയുന്നു. ഇല്ലിക്കളം ലേക്ക് റിസോർട്ടിൽ വേമ്പനാട്ടു കായൽ കാണാനും കായൽസവാരിക്കുമായെത്തുന്ന സഞ്ചാരികൾക്ക് റിസോർട്ടിലെ മേശമേൽ വിളമ്പുന്നതിലേറെയും അവിടെ വിളവെടുക്കുന്ന വിഭവങ്ങളുടെ രുചിക്കൂട്ടുകളാണ്.