ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ
1459614
Tuesday, October 8, 2024 3:03 AM IST
തൃക്കൊടിത്താനം: ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപ ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തയാളെ തൃക്കൊടിത്താനം പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി. തമിഴ്നാട് തിരുപ്പൂര്‍ വേലംപാളയം സ്വദേശി ആര്. പൊന്‍ചന്ദ്ര മൗലീശ്വരന്‍ (37) ആണ് അറസ്റ്റിലായത്.
ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമായി ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവരെ സമീപിച്ചു ബിസിനസ് ആവശ്യങ്ങള്‍ക്കായി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓം മുരുകാ ചിറ്റ് ഫണ്ട്സ് എന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി രൂപയ്ക്ക് മുകളില്‍ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് നിരവധി പേരുമായി കരാറില്‍ ഏര്‍പ്പെടുകയും, വിശ്വസ്തതയ്ക്കായി അക്കൗണ്ട് പേ ചെക്കുകള്‍ വാങ്ങി ബാങ്കില്‍ ആ ചെക്കുകള്‍ മാറി പണം പിന്‍വലിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
ഇത്തരത്തില്‍ തൃക്കൊടിത്താനം സ്വദേശി ഷമീറിന്റെ പക്കല്‍നിന്നു പലപ്പോഴായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഒരുമാസം മുമ്പാണ് ഷമീര്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കിയത്. പലപ്പോഴായി പണം നല്‍കിയിട്ടും ലോണ്‍ ലഭിക്കാതെ വന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഷമീറിനു മനസിലായത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഷെമീറിന്റെ പക്കല്‍നിന്നും 16 ബ്ലാങ്ക് അക്കൗണ്ട് പേ ചെക്കുകള്‍ ഇയാള്‍ ഒപ്പിട്ട് വാങ്ങിയിരുന്നു.
ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ മഹാരാഷ്ട്രയിലും തെലുങ്കാനയിലും തമിഴ്നാട്ടിലും നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചു. ഇയാളുടെ വീട്ടില്‍നിന്നും നിരവധി ബാങ്ക് അക്കൗണ്ട് രേഖകളും പോലീസ് കണ്ടെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഡിവൈഎസ്പി കെ.വി. വിശ്വനാഥന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ പി.എസ്. അരുണ്‍കുമാര്‍, പി. സിബിമോന്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാര്‍, അരുണ്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പൊന്‍ചന്ദ്ര മൗലീശ്വരനെ അറസ്റ്റ് ചെയ്തതു സാഹസികമായി
തൃക്കൊടിത്താനം: പൊന്‍ചന്ദ്ര മൗലീശ്വരനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത് സാഹസികമായി. ഇയാളെ പിടികൂടുന്നതിനായി പോലീസ് എത്തുമ്പോള്‍ വീടിനകത്തും പുറത്തുമായി ആക്രമണകാരികളായ എട്ടു കൂറ്റന്‍ നായ്ക്കളുണ്ടായിരുന്നു.
പരിചയമില്ലാത്തവര്‍ എത്തിയാല്‍ ആക്രമിച്ച് ഓടിക്കുന്നതിനായിട്ടാണ് ഇയാള്‍ നായ്ക്കളെ വീടിനകത്തും പുറത്തുമായി കാവല്‍ നിര്‍ത്തിയിരുന്നത്. ഇയാള്‍ വീട്ടിലുണ്ടെന്നു മനസിലാക്കിയെത്തിയ പോലീസ് അതിവിദഗ്ധമായി നായ്ക്കളുടെ ശ്രദ്ധ തിരിച്ചശേഷമാണ് വീടിനുള്ളില്‍ കയറി ഇയാളെ പിടികൂടിയത്.
ഒരുമാസം മുമ്പാണ് ഇയാള്‍ക്കെതിരേ തൃക്കൊടിത്താനം സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്.