എസ്ബി കോളജിന് അഭിമാനമായി മോണ്‍. ജോര്‍ജ് കൂവക്കാട്ട്
1459613
Tuesday, October 8, 2024 3:03 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ പദവിയിലേക്കുള്ള മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ നിയമനത്തിൽ ചങ്ങനാശേരി എസ്ബി കോളജിനും അഭിമാനം. കോളജ് പഠനകാലത്തും വൈദികനായി വത്തിക്കാന്‍ കാര്യാലയത്തിലെ നയതന്ത്ര കാര്യാലയത്തില്തിരക്കുള്ള ജോലിയിലായിരിക്കുമ്പോഴും പൂര്‍വവിദ്യാര്‍ഥിയായ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് എസ്ബിയോട് വിട്ടുപിരിയാനാവാത്ത ആത്മബന്ധമാണുള്ളത്.
1992-95 കാലഘട്ടത്തില്‍ കോളജില്‍ രസതന്ത്ര ബിരുദ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ജോര്‍ജ് ജേക്കബ് കൂവക്കാട്ട് എന്ന ലിജിമോന്‍. സഹപാഠികള്‍ക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹം ശാന്തവും ലളിതവുമായ ജീവിതത്തിന്റെ ഉടമയായിരുന്നു. കോളജിലെ ക്രിക്കറ്റ്, ഫുട്ബോള്‍ ടീമുകളില്‍ അംഗമായിരുന്ന ഈ വിദ്യാര്‍ഥി മികച്ച ഫാസ്റ്റ് ബൗളറും ബാറ്ററുമായിരുന്നു. പഠനത്തോടൊപ്പം സഭാകാര്യങ്ങളിലും വളരെ താത്പര്യമെടുത്തിരുന്ന ജോര്‍ജ് ജേക്കബ് കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
എല്ലാ വര്‍ഷവും ഡിസംബറില്‍ നാട്ടിലെത്തുമ്പോള്‍ സഹപാഠികളെ കണ്ട് ബന്ധം പുതുക്കാന്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് താല്പര്യമെടുക്കാറുണ്ട്. ഇക്കഴിഞ്ഞ പ്രാവശ്യം അവധിക്കെത്തിയപ്പോഴും മോണ്‍. കൂവക്കാട്ട് എസ്ബി കോളജിലെത്തി കാമ്പസിലെ മുത്തശി പുളിമരത്തിനുചുവട്ടില് സഹപാഠികളുമായി ഒത്തുചേര്‍ന്ന് സൗഹൃദം പങ്കുവച്ചതായി സഹപാഠിയും എസ്ബി കോളജ് രസതന്ത്ര വകുപ്പ് അധ്യാപകനുമായ ഡോ. ടോം ലാല്‍ ജോസ് പറഞ്ഞു. കോളജിന്റെ വികസനകാര്യങ്ങളിലും കൂവക്കാട്ടച്ചന്‍ പങ്കാളിയായിട്ടുണ്ട്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ എന്നിവരും എസ്ബി കോളജിലെ പൂര്വവിദ്യാര്ഥികളാണ്.