തൊഴിലവസരങ്ങളുമായി വാർഡുതലത്തിൽ രജിസ്ട്രേഷൻ
1459603
Tuesday, October 8, 2024 3:02 AM IST
കൂരാലി: കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾ, സംരംഭങ്ങൾ, വിദേശ കമ്പനികൾ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗാർഥികൾക്ക് യോഗ്യതയനുസരിച്ച് തൊഴിൽ ലഭ്യമാക്കുന്ന വിജ്ഞാനം എലിക്കുളം പദ്ധതിയിൽ എലിക്കുളം പഞ്ചായത്തിൽ വാർഡുതലത്തിൽ രജിസ്ട്രേഷൻ തുടങ്ങും.
കേരള നോളജ് എക്കോണമി മിഷനും കെ-ഡിസ്കുമായി ചേർന്നാണ് എലിക്കുളം പഞ്ചായത്ത് തൊഴിൽദാനപദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ആപ്പിലൂടെ എലിക്കുളത്ത് ഇതിനകം 1300 പേർ രജിസ്റ്റർ ചെയ്തു. അടുത്തദിവസം മുതൽ വാർഡുതലത്തിലേക്ക് സന്നദ്ധപ്രവർത്തകർ രജിസ്ട്രേഷൻ നടപടിയുമായി എത്തും. ഓരോ വാർഡിൽനിന്നു രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് ഇന്നു പരിശീലനം നടത്തും. ആപ്പിലൂടെ ഓരോരുത്തരുടെയും വിദ്യാഭ്യാസയോഗ്യത അനുസരിച്ചുള്ള സ്വദേശ, വിദേശ ജോലികളുടെ പട്ടികയിലേക്കെത്താം. താത്പര്യമുള്ള ജോലികൾക്കായി രജിസ്റ്റർ ചെയ്യാം. കൂടാതെ പത്തനംതിട്ട ജില്ലയിൽ നടത്തുന്ന മെഗാ തൊഴിൽമേളയിൽ പഞ്ചായത്തിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം നടന്ന തൊഴിൽമേളയിൽ എലിക്കുളത്ത് നിന്നുള്ളവരെ പങ്കെടുപ്പിച്ചിരുന്നു.
മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ച് അവരുടെ കൂടി സഹകരണത്തോടെയാണ് എലിക്കുളത്ത് പദ്ധതിക്കു തുടക്കം കുറിച്ചത്. ഏതെങ്കിലും ജോലിക്ക് അഭിമുഖത്തിൽ പങ്കെടുക്കണമെങ്കിൽ അതിനുള്ള പരിശീലനവും ആപ്പിലൂടെ ലഭ്യമാകും.