കാഞ്ഞിരപ്പള്ളി ടിബി റോഡിൽ ഉണങ്ങിയ മരങ്ങൾ അപകടഭീഷണിയാകുന്നു
1459602
Tuesday, October 8, 2024 3:02 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടിബി റോഡിലെ ഉണങ്ങിനിൽക്കുന്ന മരങ്ങൾ അപകടക്കെണിയൊരുക്കുന്നു. കുന്നുംഭാഗം മുതൽ മണ്ണാറക്കയംവരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ഉണങ്ങിനിൽക്കുന്ന സ്ഥിതിയാണ്. സ്കൂൾ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിലാണ് മരങ്ങൾ ഉണങ്ങിനിൽക്കുന്നത്.
ചുവടുകൾവരെ ദ്രവിച്ച ഇവ ഏതു നിമിഷവും നിലംപൊത്തുന്ന സ്ഥിതിയിലാണ്. നേതാജി റോഡിലേക്കു തിരിയുന്ന ഭാഗത്തുനിൽക്കുന്ന മരമാകട്ടെ ചുവട് ഒടിഞ്ഞു വൈദ്യുതിപോസ്റ്റിലടക്കം തങ്ങിനിൽക്കുകയാണ്. നല്ലൊരു കാറ്റടിച്ചാൽ വൈദ്യുതിലൈനുകളടക്കം തകർത്ത് ഇതു റോഡിലേക്കാകും പതിക്കുക. അങ്ങനെ വന്നാൽ വലിയ അപകടങ്ങൾക്കും കാരണമാകും. ഈ മരത്തിന്റെ തന്നെ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിലേക്കു വീണിട്ടുമുണ്ട്.
ടിബി റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. ചിലതിന്റെ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന ശിഖരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർക്കാണ് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. മഴ പെയ്യുമ്പോഴും പെയ്ത ഉടനെയും ഇവ നിലംപൊത്താൻ സാധ്യത ഏറെയാണെങ്കിലും വെട്ടിമാറ്റാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. തുലാമഴ ശക്തമായാൽ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീഴുന്ന സ്ഥിതിയുണ്ടാകും. ഇലഭാരം കൊണ്ടും കാറ്റു മൂലവും ഇവിടെ മരങ്ങൾ റോഡിൽ ഒടിഞ്ഞുവീഴുന്നത് പതിവാണ്.
അപകടഭീഷണി ഉയർത്തുന്ന ഉണങ്ങിയ മരങ്ങളെങ്കിലും എത്രയുംവേഗം വെട്ടിമാറ്റണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ തണലിനായി വച്ചുപിടിപ്പിച്ച മരങ്ങൾ യാത്രക്കാരുടെ ജീവനെടുക്കുന്ന സ്ഥിതിയുണ്ടാകും.