കോടതി നടപടിക്രമങ്ങൾ വീക്ഷിച്ച് അസംപ്ഷനിലെ കുട്ടികൾ
1459600
Tuesday, October 8, 2024 3:02 AM IST
കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംവാദ പ്രോജക്ടിന്റെ ഭാഗമായി പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 29 കുട്ടികളും മൂന്ന് അധ്യാപകരും കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി സന്ദർശിച്ച് കോടതി നടപടിക്രമങ്ങൾ നേരിട്ടുകണ്ട് മനസിലാക്കി.
കുട്ടികളെ ടിഎൽഎസ്സി ചെയർമാൻ നസീബ് എ. അബ്ദുൾ റസാഖ് സിവിക് സിറ്റിസൺ ബാഡ്ജ് നൽകി സ്വീകരിച്ചു. തുടർന്ന് 40 മിനിറ്റ് കുട്ടികൾ കോടതി നടപടിക്രമങ്ങൾ നേരിട്ടുകണ്ട് മനസിലാക്കി.
അഭിഭാഷകനായ പി.ജെ. നിയാസ് കോടതി നടപടിക്രമങ്ങൾ, കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, കുട്ടികൾ മനസിലാക്കിയിരിക്കേണ്ട പൊതുനിയമസംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. കോടതി നടപടിക്രമവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഐസിഡിഎസ് കൗൺസലർ ലിറ്റി ഏബ്രഹാം കുട്ടികൾ ആർജിക്കേണ്ട ജീവിത മര്യാദകളെക്കുറിച്ച് ക്ലാസെടുത്തു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കോടതി നടപടിക്രമങ്ങൾ വലിയ അദ്ഭുതത്തോടും ആവേശത്തോടും കൂടിയാണ് കുട്ടികൾ കണ്ടത്.