മകളുടെ വിവാഹത്തിനു പിന്നാലെ അധ്യാപികയുടെ മരണം നൊമ്പരമായി
1459598
Tuesday, October 8, 2024 3:02 AM IST
എരുമേലി: മകളുടെ വിവാഹത്തിൽ പുഞ്ചിരിയോടെ എല്ലാത്തിനും ഓടിനടന്ന ടീച്ചർ അതേദിവസം മണിക്കൂറുകൾക്കകം അപകടത്തിൽ മരിച്ചെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസത്തിലായി നാട്. എരുമേലി പാണപിലാവ് ഗവൺമെന്റ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ഷീന ഷംസുദീൻ (52) ആണ് മകളുടെ വിവാഹസത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയവഴി വാഴൂർ ഇളമ്പള്ളിക്കവലയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഭർത്താവ് എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദീൻ അപകടത്തിൽ ഗുരുതര പരിക്കുമായി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഷംസുദീനരികിൽ മൃതദേഹം എത്തിച്ചപ്പോൾ തനിക്കൊപ്പം കാറിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട ഭാര്യ ഇനി ജീവനോടെയില്ലെന്ന് അറിഞ്ഞ ഷംസുദീൻ കരയുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരും ദുഃഖം സഹിക്കാനാവാതെ വിതുമ്പി. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട മകൻ ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽനിന്ന് മോചിതനായിട്ടില്ല.
വിവാഹം കഴിഞ്ഞു മകളുടെ ഭർതൃഗൃഹത്തിൽ വന്ന് സത്കാരം സ്വീകരിച്ചു മടങ്ങുമ്പോൾ അമ്മ സന്തോഷത്തോടെ യാത്ര ചോദിച്ചത് ഓർത്ത് മകൾ പൊട്ടിക്കരയുകയാണ്. ആ യാത്ര അന്ത്യയാത്രയിലേക്കായിരുന്നത് ഇനിയൊരിക്കലും നെഫ്ലയ്ക്ക് മറക്കാനാവില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നെഫ്ലയുടെ വിവാഹം. വിവാഹ ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്ത ഇരുവരും മകൻ നെബിൽ മുഹമ്മദ് ഷായുമായി രാത്രി കാറിൽ തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽനിന്നു മുപ്പതടിയോളം താഴേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് കേറ്ററിംഗ് സംഘം
വാഴൂര്‍: ഇളംപള്ളിക്കവലയിലെ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് യാസിനും സംഘവും. ഇവരുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരപ്പള്ളി ഫ്യൂച്ചര്‍ വണ്‍ ഇവന്റായിരുന്നു അപകടത്തില്‍ മരിച്ച ഷീന ഷംസുദീന്റെ മകള്‍ നെഫ്ലയുടെ വിവാഹത്തിന്റെ കേറ്ററിംഗ് നടത്തിയത്.
രാത്രിയിൽ ജോലികൾ തീര്‍ത്ത ശേഷം തൊഴിലാളികളെ കോട്ടയത്തേക്ക് എത്തിക്കാന്‍ പോകുമ്പോഴാണ് ഇളംപള്ളിക്കവലയില് വഴിയരികില്‍നിന്ന് വാഹനത്തിന് കൈകാണിച്ചത് രാവിലെ നടന്ന വിവാഹത്തിലെ വധുവിന്റെ സഹോദരന് നെബില്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അപകടമാണെന്ന് മനസിലായതിനെത്തുടര്‍ന്ന് യാസിനും തൊഴിലാളികളും ചേര്‍ന്ന് കാര്‍ പൊളിച്ച് ഷംസുദീനെയും ഷീനയെയും പുറത്തെടുത്ത് യാസിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഷീന മരിച്ചത് യാസിന് വേദനയായി.