കരിനിലം-കോസടി റോഡിന്റെ ശോച്യാവസ്ഥ: മലഅരയ മഹാസഭ പ്രക്ഷോഭത്തിലേക്ക്
1459597
Tuesday, October 8, 2024 3:02 AM IST
മുണ്ടക്കയം: കരിനിലം-മുരിക്കുംവയൽ-പശ്ചിമ-കോസടി റോഡ് മണ്ഡലകാലത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മലഅരയ മഹാസഭ സമരം ശക്തമാക്കുമെന്ന് ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രഷറർ എം.ബി. രാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിനു മുന്നോടിയായി 12നു രാവിലെ 10ന് നൂറുകണക്കിനാളുകൾ ഈ റോഡിലൂടെ കോസടിയിൽനിന്നു കാൽനടയായി പത്തു കിലോമീറ്റർ സഞ്ചരിച്ച് കരിനിലത്തെത്തി സമരപ്രഖ്യാപനം നടത്തും. കാൽനടയായി പുറപ്പെടുന്ന സംഘത്തിന് പാതയോരത്തെ നിരവധി മഹാക്ഷേത്രങ്ങൾ ദീപം പകർന്ന് പിന്തുണയേകും. നൂറുകണക്കിന് സമുദായാംഗങ്ങൾ ഭജനയും പ്രാർഥനയും ശരണമന്ത്രങ്ങളുമായി പ്രയാണത്തിൽ അണിചേരും. പാതയുടെ ആധ്യാത്മിക പ്രാധാന്യം മുൻനിർത്തിയാണ് ശബരിമല മണ്ഡലകാലത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രാധാന്യമേറിയ റോഡാണിത്. അതിപ്രാചീനമായ പശ്ചിമദേവീ ക്ഷേത്രം ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ മറ്റു നിരവധി ക്ഷേത്രങ്ങളുമുണ്ട്. പത്തു കിലോമീറ്റർ റോഡ് താറുമാറായിട്ട് അഞ്ചു വർഷം പിന്നിട്ടു. അറ്റകുറ്റപ്പണികൾക്കായി 1.26 കോടി രൂപ അനുവദിച്ച് നാളിതുവരെയായിട്ടും പണികൾ ആരംഭിച്ചിട്ടില്ല. ഇതിനോടകം മൂന്നു കരാറുകാർ മാറിമാറി വന്നെങ്കിലും ആരും പണികൾ പൂർത്തിയാക്കിയില്ല.
റോഡിലൂടെ യാത്രചെയ്യുക അസാധ്യമായതിനാൽ ബസുകൾ, സ്കൂൾ വാഹനങ്ങൾ എന്നിവ നാളുകളായി മേഖലയിലേക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ സ്കൂൾ-കോളജ് വിദ്യാർഥികളുടെ യാത്രയും ദുരിതത്തിലാക്കി. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും കാർഷിക മേഖലയായ ഇവിടത്തെ ജനങ്ങൾക്കു കാർഷികവിളകൾ വിപണനം ചെയ്യാനും ഈ റോഡല്ലാതെ മറ്റൊരു ആശ്രയവുമില്ലെന്നും മലഅരയ മഹാസഭ ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളായ ഉദയൻ മേനോത്ത്, കെ.ഡി. വിജയൻ, തങ്കമ്മ കോച്ചേരിൽ, ജയന്തി ഗംഗാധരൻ എന്നിവരും പങ്കെടുത്തു.