പാറമടയിലെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കിയതായി പരാതി
1459595
Tuesday, October 8, 2024 3:02 AM IST
മൂന്നിലവ്: പാറമടയിൽനിന്നുള്ള മലിനജലം രാത്രിയുടെ മറവിൽ മീനച്ചിലാറിന്റെ കൈവഴിയിലേക്കു തുറന്നുവിട്ടതായി പരാതി. മരുതുംപാറയിലെ പാറമടയിൽനിന്നാണ് പാറപ്പൊടി കലർന്ന വെള്ളം പമ്പ് ചെയ്തു തോട്ടിലേക്ക് ഒഴുക്കിയത്. വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടു രാത്രിയിൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും വെള്ളം പാൽനിറത്തിൽ ഒഴുകിയതു ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാലിതു മറ്റൊരു സ്വകാര്യ ഫാക്ടറിയിൽ നിന്നാണെന്നാണ് ആക്ഷേപമുയർന്നത്. ഇതു തെറ്റാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഫാക്ടറി ഉടമ തന്നെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11.30ഓടെ പ്രദേശവാസികൾ വെള്ളത്തിന്റെ വരവ് പിന്തുടർന്നെത്തിയാണ് മലിനജലമൊഴുക്കുന്നതു കണ്ടെത്തിയത്. മോട്ടോറുകൾ ഉപയോഗിച്ചു പാറമടയിലെ വലിയ കുഴിയിൽനിന്നു വെള്ളം പുറത്തേക്കു പമ്പ് ചെയ്യുകയായിരുന്നു. ഇതു തോട്ടിലേക്കും പിന്നീട് മീനച്ചിലാറ്റിലുമാണ് ഒഴുകിയെത്തുന്നത്.
ജലനിധി പദ്ധതികളും മറ്റു കുടിവെള്ള പദ്ധതികളും സ്ഥിതിചെയ്യുന്ന മീനച്ചിലാറിന്റെ കൈവഴിയാണ് മലിനമായത്. രണ്ടാഴ്ചമുൻപും സമാനമായ രീതിയിൽ തോട്ടിലേക്കു മലിനജലം ഒഴുക്കിയിരുന്നു. വിഷയം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.