പാലാ രൂപത മാതൃ-പിതൃവേദി കുഞ്ഞച്ചന് തീര്‍ഥാടനം ഭക്തിസാന്ദ്രമായി
1459594
Tuesday, October 8, 2024 3:02 AM IST
പാലാ: രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത പിതൃവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ നടത്തിയ കുഞ്ഞച്ചന് തീര്‍ഥാടനം ഭക്തിസാന്ദ്രമായി. 171 ഇടവകകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. രാമപുരം സെന്റ് അഗസ്റ്റിന് ഫെറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ദീപം തെളിച്ചുനല്‍കി. മാതൃ-പിതൃവേദി പ്രസിഡന്റുമാരായ ജോസ് തോമസ് മുത്തനാട്ട്, സിജി ലൂക്ക്സണ്‍ പടന്നമാക്കല്‍ എന്നിവര്‍ ദീപം ഏറ്റുവാങ്ങി.
രാവിലെ ഒന്‍പതിന് രൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് കുറ്റിയാങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്ന് പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ആഘോഷമായ ജപമാല പ്രദക്ഷിണം വലിയ പള്ളിയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ കപ്പേള ചുറ്റി കുഞ്ഞച്ചന്റെ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ ആശീര്‍വാദം നല്കി. തുടര്‍ന്ന് നേര്‍ച്ചഭക്ഷണം വിതരണം ചെയ്തു.
അസി. വികാരിമാരായ ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ഏബ്രഹാം കാക്കാനിയില്‍, ഫാ. ജോണ്‍ മണാങ്കല്‍, മാതൃ-പിതൃവേദി രൂപത ഭാരവാഹികളായ ജോസ് തോമസ് മുത്തനാട്ട്, ടോമി തുരുത്തിക്കര, സിജി ലൂക്ക്സണ്‍ പടന്നമാക്കല്‍, ഷേര്‍ളി ചെറിയാന്, ബിനു മാണിമംഗലം, മേരിക്കുട്ടി വടക്കേക്കര, തങ്കച്ചന് പുളിയാര്‍മറ്റം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.