പാലാ അല്‍ഫോന്‍സ കോളജ് വജ്രജൂബിലി ആഘോഷ സമാപനം നാളെ
1459592
Tuesday, October 8, 2024 3:02 AM IST
പാലാ: അല്‍ഫോന്‍സ കോളജിന്റെ വജ്രജൂബിലി ആലോഷ പരിപാടികളുടെ സമാപനം നാളെ രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേൽ, ജിമ്മി ജോസഫ്, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
60 വര്‍ഷം മുന്‍പ് ഒരു വനിതാ കോളജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലാണ് മുന്നോട്ടുവച്ചത്. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ പൈതൃക പരിപാലനയില്‍ വളര്‍ന്ന ഈ കലാലയം അക്കാദമിക, കലാ-കായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ മികവിന്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി മാറി.
സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു അല്ഫോന്സിയന് സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ്. ഷൈനി വിത്സണ്, പ്രീജാ ശ്രീധരന്, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അര്‍ജുന അവാര്‍ഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ ജി.വി. രാജ അവാര്‍ഡ് കോളജിനെ തേടിയെത്തിയത് ജൂബിലി വര്‍ഷത്തെ കൂടുതല്‍ വര്‍ണാഭമാക്കുന്നു. ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍ ഏറ്റവും അധികം റാങ്കുകളും എ പ്ലസ് ഗ്രേഡുകളും നേടി.
ഗാന്ധിയന്‍ പഠനകേന്ദ്രം, എന്‍സിസി, എന്‍എസ്എസ്, ഉന്നത് ഭാരത് അഭിയാന്, യൂത്ത് റെഡ് ക്രോസ് എന്നിങ്ങനെ വിവിധങ്ങളായ യുവജന സംഘടനകള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജൂബിലി വര്‍ഷത്തില്‍ ഭവനരഹിതര്‍ക്കായി 60 വീടുകളാണ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിലിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വീട് പുതുക്കിപ്പണിയുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം റെഡ് ക്രോസ് വര്‍ഷം തോറും നൽകിവരുന്നു.
പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളെ ദത്ത് ഗ്രാമങ്ങളായി സ്വീകരിച്ച് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യുബിഎ, എന്‍സിസി ചാരിറ്റി സെല്‍, ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുള്ള ജയില്‍ മിനിസ്ട്രി, രക്തദാന ക്യാമ്പുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബന്ധതയുടെ അടയാളങ്ങളാണ്.
പത്രസമ്മേളനത്തില്‍ കോള ജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഏയ്ഞ്ചല്‍ റബേക്ക, ഇ.എ. അന്ന, കൃപ ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.