പാലാ ജൂബിലി തിരുനാളിനെതിരേയുള്ള പ്രചാരണം വാസ്തവവിരുദ്ധമെന്ന്
1459591
Tuesday, October 8, 2024 3:02 AM IST
പാലാ: ജൂബിലി തിരുനാളിനെതിരേ ചില സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ തികച്ചും സത്യവിരുദ്ധവും വ്യാജവുമാണെന്നും ക്രൈസ്തവ മൂല്യങ്ങളെയും സംവിധാനങ്ങളെയും അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയും മതസ്പര്‍ധ ഉണ്ടാക്കുക എന്ന മനഃപൂര്‍വമായ താത്പര്യത്തോടെയും സൃഷ്ടിക്കപ്പെട്ടതാണ് ഈ വാര്‍ത്തകളെന്നും പാലാ ടൗണ്‍ കുരിശുപള്ളി കമ്മിറ്റി.
തിരുനാള്‍ കമ്മിറ്റി അംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നതും മതവിദ്വേഷം വളര്‍ത്തുന്നതും വ്യാജവുമായ പ്രചാരണങ്ങള്‍ക്കും ഓണ്‍ലൈന്‍ വാര്ത്തകള്ക്കുമെതിരേ സൈബര്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിറ്റി പ്രസ്താവിച്ചു. ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ എട്ടിന് ഉച്ചസമയത്ത് പതിവായി നടത്തിവന്നിരുന്ന ബൈബിള്‍ ടാബ്ലോ, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരങ്ങളും രണ്ടു വര്‍ഷമായി നടത്തിവന്നിരുന്ന സാംസ്കാരിക ഘോഷയാത്രയും ഈ വര്‍ഷം നടത്തേണ്ടതില്ലെന്ന് ടൗണ്‍ കുരിശുപള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു.
പ്രധാന തിരുനാള്‍ ദിവസമായ എട്ടിനു ഞായറാഴ്ച ആയതിനാല്‍ ഞായറാഴ്ച ആചരണത്തിന് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കണമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലും തിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് വരുന്ന അധിക സാമ്പത്തിക ബാധ്യതയും ബൈബിള്‍ ടാബ്ലോ, ടൂ വീലര്‍ ഫാന്‍സിഡ്രസ് എന്നീ മത്സരങ്ങളുടെ പങ്കാളിത്തത്തിലുള്ള കുറവും കുരിശുപള്ളിയുടെ ഇപ്പോള്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവും കൂടി കണക്കിലെടുത്താണ് കമ്മിറ്റി ഇപ്രകാരം പൊതു തീരുമാനത്തിലെത്തിയത്. ഇതിനെതിരേയാണ് ചില സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടന്നത്.