മലിനജലം മീനച്ചിലാറ്റിലേക്കു തുറന്നുവിട്ടു; നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ
1459590
Tuesday, October 8, 2024 3:02 AM IST
ഈരാറ്റുപേട്ട: മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയുമായി ഈരാറ്റുപേട്ട നഗരസഭാ ആരോഗ്യ വിഭാഗം. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടൽ അടപ്പിക്കുകയും ഹോട്ടൽ ഉടമയ്ക്കും സമീപത്തെ ടൂറിസ്റ്റ് ഹോം ഉടമയ്ക്കും പിഴ ചുമത്തുകയും ചെയ്തു.
മലിനജലം ഒഴുകിയെത്തുന്ന മീനച്ചിലാറ്റിലെ കടവിൽ നിരവധിപ്പേർ കുളിക്കാൻ ഉപയോഗിച്ചിരുന്നതാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് ആരോഗ്യവിഭാഗത്തിന്റെ ഇടപെടലുണ്ടായത്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി. നായർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണിമോൾ, അനീസ എന്നിവർ നേതൃത്വം നൽകി.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും പൊതുനിരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ സ്പെഷൽ സ്ക്വാഡുകളെ ചുമതലപ്പെടുത്തിയും പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പു വരുത്തിയും ഉറവിട മാലിന്യസംസ്കരണത്തിനു വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും മാലിന്യമുക്ത നാടിനായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ പറഞ്ഞു. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി. രാജൻ പറഞ്ഞു.