പാലായിൽ മോഷണസംഘം വിലസുന്നു
1459589
Tuesday, October 8, 2024 3:02 AM IST
പാലാ: മോഷണസംഘം പാലാ മേഖലയില്‍ വിലസുന്നതായി പരാതി. വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് വീട്ടുകളില്നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്തുന്ന സംഘം കറങ്ങുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം പാലാ വഴേമഠം പുളിഞ്ചുവട് ജേക്കബിന്റെ വീട്ടില്‍ പെട്ടി ഓട്ടോറിക്ഷയില്‍ എത്തിയ സ്ത്രീ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം വീട്ടില്‍ ആക്രി സാധനങ്ങള്‍ ഉണ്ടോയെന്ന് തിരക്കി. പഴയ സാധനങ്ങള്‍ എന്തുണ്ടെങ്കിലും എടുക്കാമെന്ന് പറഞ്ഞ് വീടിന് പിന്‍ഭാഗത്തേക്ക് ജേക്കബിനെ കൂട്ടി പോയി. ഈ സമയം ഓട്ടോയിലുള്ളവര്‍ വീടിന്റെ വരാന്ത ഭാഗത്ത് ഉണ്ടായിരുന്ന വെല്‍ഡിംഗ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ആറായിത്തോളം രൂപ വില വരുന്നതാണ് ഇവ. മോഷണ ശേഷം പഴയ സാധനങ്ങള്‍ എടുത്തുവച്ചോ ഉടന്‍ വരാമെന്ന് പറഞ്ഞ് ഇവര്‍ ഓട്ടോയുമായി പോയി. പിന്നീടാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പ്രദേശത്ത് ഇത്തരത്തില്‍ നിരവധി ആളുകളുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പൗരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പി. പോത്തന്, സേവി വെള്ളരിങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാലാ പോലീസില്‍ പരാതി നല്കി.