ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റില്ലാതെ കടുത്തുരുത്തി മണ്ഡലം
1459588
Tuesday, October 8, 2024 3:02 AM IST
കുറവിലങ്ങാട്: മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിന് ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രമില്ല. ഹെൽത്ത് ബ്ലോക്കുകൾ നിർത്തലാക്കി ബ്ലോക്ക് കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വന്നതോടെയാണ് കടുത്തുരുത്തിയുടെ ഈ നഷ്ടം. കടുത്തുരുത്തി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളും പാമ്പാടി ബ്ലോക്ക് പ്രദേശവും ഉൾക്കൊള്ളുന്ന കടുത്തുരുത്തിയുടെ ബ്ലോക്ക് പൊതുജനാരോഗ്യകേന്ദ്രത്തിലെത്താൻ അയൽ നിയോജകമണ്ഡലങ്ങളിലെത്തണം.
ഉഴവൂർ ബ്ലോക്കുതല പൊതുജനാരോഗ്യകേന്ദ്രം പാലാ നിയോജകമണ്ഡലത്തിലെ രാമപുരം ആശുപത്രിയാണ്. കടുത്തുരുത്തി ബ്ലോക്കുതല കേന്ദ്രമാകട്ടെ വൈക്കം നിയോജകമണ്ഡലത്തിലെ തലയോലപ്പറമ്പ് ആശുപത്രിയാണ്. പാമ്പാടി ബ്ലോക്ക് പ്രദേശത്തുവരുന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനടക്കം പൈക ആശുപത്രിയാണ് ബ്ലോക്കുതല കേന്ദ്രം.
താലൂക്ക് ആസ്ഥാനമില്ലാതിരുന്നിട്ടും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയും ഡോ. കെ.ആർ. നാരായണന്റെ സ്മരണാർഥമുള്ള ഉഴവൂർ സ്പെഷാലിറ്റി ആശുപത്രിയുമുള്ള നിയോജക മണ്ഡലത്തിലാണ് ബ്ലോക്കുതല പൊതുജനാരോഗ്യകേന്ദ്രം ഇല്ലാത്ത അവസ്ഥയുള്ളത്.
പുനഃക്രമീകരണപ്രകാരം കടുത്തുരുത്തി ബ്ലോക്കിലെ അറുനൂറ്റിമംഗലം, പെരുവ, വെള്ളൂർ, കാട്ടാമ്പാക്ക്, കല്ലറ, കടുത്തുരുത്തി, തലയോലപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രങ്ങൾ തലയോലപ്പറമ്പ് ബ്ലോക്ക് കേന്ദ്രത്തിന് കീഴിലാകും. ഉഴവൂർ ബ്ലോക്കിലെ കുറവിലങ്ങാട് താലൂക്ക് ആശുപത്രി, ഉഴവൂർ ഡോ. കെ.ആർ. നാരായണൻ ആശുപത്രി, കുറുപ്പന്തറ, കാണക്കാരി, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, വെളിയന്നൂർ, രാമപുരം കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവ രാമപുരം ബ്ലോക്ക് കുടുംബക്ഷേമകേന്ദ്രത്തിന് കീഴിലാകും.
ബ്ലോക്കുതലത്തിലുള്ള അവലോകനങ്ങളും പൊതുജനാരോഗ്യപ്രവർത്തനങ്ങളുടെ മേൽനോട്ടവും ആരോഗ്യസ്ഥാപനങ്ങളുടെ നടത്തിപ്പും ബ്ലോക്കുതലത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ ഏകോപനവും പുതിയ പുനഃക്രമീകരണമനുസരിച്ച് സെപ്റ്റംബർ ഒന്നുമുതൽ നടപ്പിലാക്കിയിട്ടുണ്ട്.
എംഎൽഎയുടെ അനാസ്ഥയെന്ന് യൂത്ത് ഫ്രണ്ട്-എം
കുറവിലങ്ങാട്: ജില്ലയിൽ ബ്ലോക്കുതല പൊതുജനാരോഗ്യകേന്ദ്രമില്ലാത്ത ഏക നിയോജകമണ്ഡലമായി കടുത്തുരുത്തി മാറിയത് സ്ഥലം എംഎൽഎയുടെ അനാസ്ഥമൂലമാണെന്ന് യൂത്ത്ഫ്രണ്ട്-എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി. നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ, ഓഫീസ് ചാർജ് സെക്രട്ടറി പ്രവീൺ പോൾ, വൈസ് പ്രസിഡന്റുമാരായ ജോർജ് പാലയ്ക്കത്തടത്തിൽ, അനീഷ് വാഴപ്പള്ളി, എബിൻ ഷോജി, അരുൺ ഈന്തുംതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.