വികസനം തേടുന്ന കുറുപ്പന്തറ
1459538
Monday, October 7, 2024 6:54 AM IST
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ കീ പോയിന്റെന്നറിയപ്പെടുന്ന സ്ഥലമാണ് കുറുപ്പന്തറ കവല. കോട്ടയം-എറണാകുളം റോഡും കുറവിലങ്ങാട്-ചേര്‍ത്തല റോഡും കടന്നുപോകുന്നത് ഈ കവല വഴിയാണ്. ബസ് സ്റ്റാന്‍ഡ്, വ്യാപാര സ്ഥാപനങ്ങള്‍, ജില്ലാ ലേലവിപണി, മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി, കുറുപ്പന്തറ സെന്റ് തോമസ് പള്ളി, മള്ളിയൂര്‍ ഗണപതി ക്ഷേത്രം, കാഞ്ഞിരത്താനത്തെ പുലിയള എന്നറിയപ്പെടുന്ന ഗുഹ (തുരങ്കപാത), മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ്, കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്, റെയില്‍വേ ഗേറ്റ്, കുടുംബാരോഗ്യകേന്ദ്രം തുടങ്ങി ഒരുപാട് സ്ഥാപനങ്ങളും ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കാണാന്‍ കഴിയുന്ന ഇടമാണ് കുറുപ്പന്തറ.
കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ്
അറ്റകുറ്റപ്പണികള്‍ നടത്തി തുറന്ന കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ പല ഭാഗത്തും ടാര്‍ ഇളകി കുണ്ടും കുഴിയുമായി മാറി. ബസുകള്‍ കയറിയിറങ്ങുന്ന സമയം പൊടിശല്യം കാരണം യാത്രക്കാരും വ്യാപാരികളും വിഷമിക്കുകയാണെന്ന് ബസ് കാത്തുനില്‍ക്കുന്നവരും വ്യാപാരികളും പറയുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ജൂലൈ 29 മുതലാണ് കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാന്‍ തുടങ്ങിയത്. കവലയിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി 2013-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ ബസുകളും കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്നും ഉത്തരവുണ്ടായിരുന്നു.
ജില്ലാ ലേല മാര്‍ക്കറ്റ്
ബസ് സ്റ്റാന്‍ഡിന് എതിര്‍വശമുളള പച്ചക്കറിലേല മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ്. മൂന്നു മുതലാണ് ലേലം തുടങ്ങുന്നത്. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വില നല്‍കിയാണ് ലേല മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതെന്നു സംഘം ആക്ടിംഗ് ചെയര്മാന് ജോയി ജോസഫ് കുഴിവേലി പറയുന്നു.
കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ് ലേല മാര്‍ക്കറ്റിന് ഗ്രില്ല് സ്ഥാപിച്ച് അടവാക്കിത്തരണമെന്നത്. ലേലഹാള്‍ തുറന്നുകിടക്കുന്നതുകൊണ്ട് ഉത്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കവല വികസനം, സിഗ്നല്‍ തകരാര്‍
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കുറുപ്പന്തറ കവലയില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം മുടങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. ആദ്യകാലത്ത് മഞ്ഞ ലൈറ്റെങ്കിലും തെളിഞ്ഞിരുന്നു. ഇപ്പേള്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ്. ദൂരെനിന്നുള്ള വാഹനയാത്രക്കാര്‍ക്ക് മഞ്ഞലൈറ്റ് കണ്ട് നാലുംകൂടിയ കവലയാണെന്നു തിരിച്ചറിയാന്‍ സാധിച്ചിരുന്നു. രണ്ടര വര്‍ഷത്തിലധികമായി ലൈറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്.
കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം
കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. ആറു മാസം മുമ്പ് മേല്‍പ്പാലം നിര്‍മാണത്തിനായി കല്ലിട്ടുവെന്നതാണ് ഏറ്റവും ഒടുവില്‍ നടന്നിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലപ്പോഴായി വിവിധ കാരണങ്ങളാല്‍ തടസം നേരിടുകയാണ്.