മോഷ്ടിച്ച സ്റ്റീല്‍ ടാപ്പുകള്‍ക്കു പകരം പ്ലാസ്റ്റിക് ടാപ്പുകള്‍; സംഭവത്തില്‍ വഴിത്തിരിവ്
1459535
Monday, October 7, 2024 6:49 AM IST
കോട്ടയം: സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിച്ചു പ്ലാസ്റ്റിക് ടാപ്പുകള്‍ സ്ഥാപിച്ച സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കൊല്ലാട് സെന്റ പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിലെ സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിച്ച കള്ളൻ പ്ലാസ്റ്റിക് ടാപ്പുകള്‍ പകരം പിടിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പിടിപ്പിച്ച പ്ലാസ്റ്റിക് ടാപ്പുകള്‍ മാങ്ങാനം എല്‍പി സ്കൂളില്‍നിന്നും മോഷ്ടിച്ചതാണെന്നു തെളിഞ്ഞു.
20 സ്റ്റീല്‍ ടാപ്പുകള്‍ക്കു പകരം പ്ലാസ്റ്റിക് ടാപ്പുകള്‍ സ്ഥാപിച്ചായിരുന്നു വ്യത്യസ്തമായ കവര്‍ച്ച നടത്തിയത്. എന്നാല്‍, ഈ പ്ലാസ്റ്റിക് ടാപ്പുകളില്‍ ആറെണ്ണം ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള മാങ്ങാനം സ്കൂളിലെ ടാപ്പുകളാണെന്ന് വ്യക്തമായി.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ കൊല്ലാട് പള്ളിയില്‍നിന്നു ലഭിച്ചിട്ടുണ്ട്. സ്കൂളില്‍നിന്നു ടാപ്പുകള്‍ മോഷണം സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.